പുനലൂർ : രണ്ടുവർഷംമുൻപ് വെഞ്ചേമ്പിൽ കനാലിൽ മരിച്ചനിലയിൽ കണ്ടെത്തിയ 14-കാരൻ ജിഷ്ണുലാലിന്റെ മരണം സി.ബി.ഐ. അന്വേഷിക്കണമെന്ന് മാതാപിതാക്കളും കർമസമിതി ഭാരവാഹികളും ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് ശനിയാഴ്ച 10-ന് പുനലൂർ പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തുമെന്ന് അവർ അറിയിച്ചു.

കരവാളൂർ വെഞ്ചേമ്പ് അയണിക്കോട് മംഗലത്ത് പുത്തൻവീട്ടിൽ അനിലാലിന്റെയും ഗിരിജയുടെയും മകനാണ് ജിഷ്ണുലാൽ. ഒൻപതാംക്ലാസ് വിദ്യാർഥിയായിരുന്ന ജിഷ്ണുലാലിനെ 2018 മാർച്ച് 24-നാണ് കല്ലട ജലസേചന പദ്ധതി(കെ.ഐ.പി.)യുടെ കനാലിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. തലേദിവസംമുതൽ കുട്ടിയെ കാണാനില്ലായിരുന്നു.

മരണത്തിൽ ദുരൂഹതയുണ്ടെന്നും കൊലപാതകമാണെന്നു സംശയിക്കുന്നതായും പോലീസിനോട് പറഞ്ഞെങ്കിലും കാര്യമായ അന്വേഷണമുണ്ടായില്ലെന്ന് അച്ഛൻ അനിലാൽ പറഞ്ഞു.

കുട്ടി കനാലിൽ നാളിതുവരെ കുളിക്കാൻ പോയിട്ടില്ല. കാണാതാവുംവരെ വീട്ടിൽ കുട്ടി ഒറ്റയ്ക്കായിരുന്നു. കുട്ടിയുടെ മുറിയിലെ മേശയ്ക്കുസമീപം രക്തക്കറ കണ്ടതായി പോലീസിനെ അറിയിച്ചിരുന്നു. ഇക്കാര്യം ഇതേവരെ അന്വേഷിച്ചിട്ടില്ല. സംശയമുള്ളവരുടെ പേരുകൾ പറഞ്ഞിട്ടും അന്വേഷണമുണ്ടായില്ലെന്നും അനിലാൽ പറഞ്ഞു. ശനിയാഴ്ച നടക്കുന്ന മാർച്ചും ധർണയും ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി മഞ്ഞപ്പാറ സുരേഷ് ഉദ്ഘാടനം ചെയ്യുമെന്ന് കർമസമിതി ഭാരവാഹികളായ പുനലൂർ ഹരി, ആർ.അജയകുമാർ, അജികുമാർ എന്നിവർ അറിയിച്ചു.

Content Highlights:punalur jishnu lal death family seeks cbi probe