കാക്കനാട്: അനധികൃതമായി കൊച്ചി കേന്ദ്രീകരിച്ച് സര്‍വീസ് നടത്തിയ ഇതര സംസ്ഥാന ബസുകള്‍ പിടികൂടി. ഇതര സംസ്ഥാനങ്ങളില്‍ തുച്ഛമായ പൈസ അടച്ച് സ്പെഷ്യല്‍ പെര്‍മിറ്റ് എടുത്ത ശേഷം ഇവിടെ യാത്രക്കാരെ കയറ്റി അനധികൃത സര്‍വീസ് നടത്തുന്ന ബസുകളാണ് പിടികൂടിയത്. കളമശ്ശേരി ബൈപ്പാസ് മേഖലയില്‍ നിന്നാണ് കഴിഞ്ഞ ദിവസം നാല് ബസുകള്‍ കസ്റ്റഡിയിലെടുത്തത്. 

busചെന്നൈ, പോണ്ടിച്ചേരി എന്നിവിടങ്ങളില്‍ നിന്ന് സ്പെഷ്യല്‍ പെര്‍മിറ്റ് എടുത്ത ശേഷം വാഹനങ്ങള്‍ ഇവിടെ കൊണ്ടുവന്ന് ആളുകളെ കയറ്റി ട്രിപ്പ് എടുക്കുകയായിരുന്നു. സാധാരണ ഇതര സംസ്ഥാനങ്ങളിലേക്കു യാത്രക്കാരെ കൊണ്ടുപോകുന്ന ബസുകള്‍ സീറ്റ് ഒന്നിന് മൂവായിരം വീതം മൂന്ന് മാസം കൂടുമ്പോള്‍ സര്‍ക്കാരിലേക്ക് ഫീസ് അടച്ച ശേഷമാണ് പെര്‍മിറ്റ് എടുക്കുന്നത്. അതിനു ശേഷമാണ് സര്‍വീസ് നടത്താന്‍ പാടുള്ളൂ.

എന്നാല്‍, അനധികൃത സര്‍വീസ് നടത്തുന്നവര്‍ ചെന്നൈ, പോണ്ടിച്ചേരി എന്നിവിടങ്ങളില്‍ പോയി സീറ്റ് ഒന്നിന് 350 രൂപ അടച്ച് സ്പെഷ്യല്‍ പെര്‍മിറ്റ് എടുത്താണ് ഇവിടെ ഓടിയിരുന്നത്. ഇത്തരത്തില്‍ വന്‍കൊള്ളയാണ് അവര്‍ നടത്തിയിരുന്നത്. സര്‍ക്കാരിലേക്ക് ഒരു വര്‍ഷം ബസ് ഒന്നിന് അഞ്ച് ലക്ഷം രൂപവരെ ലഭിക്കേണ്ട സ്ഥാനത്താണ് ഈ നികുതി വെട്ടിപ്പ്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് അധികൃതര്‍ പറഞ്ഞു.

Content highlights: Puduchery bus seized for travelling with fake permits