ചെന്നൈ: സ്ത്രീകളെ അധിക്ഷേപിച്ച് പബ്ജി ഗെയിംകളിച്ച് വീഡിയോ പോസ്റ്റ് ചെയ്ത കേസിൽ അറസ്റ്റിലായ യൂട്യൂബർ പബ്ജി മദനെ (മദൻകുമാർ) കോടതി 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. സെയ് ‌ദാപ്പേട്ട മെട്രോപ്പൊളീറ്റൻ മജിസ്ട്രേറ്റ് കോടതിയാണ് റിമാൻഡ് ചെയ്തത്. ഒളിവിൽപ്പോയ പബ്ജി മദനെ ധർമപുരിയിൽനിന്നാണ് ചെന്നൈ സെൻട്രൽ ക്രൈംബ്രാഞ്ച് സൈബർ ക്രൈം പോലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. വൈദ്യപരിശോധനയ്ക്ക് ശേഷമാണ് ശനിയാഴ്ച കോടതിയിൽ ഹാജരാക്കിയത്.

ഓൺലൈൻ പ്രശസ്തി ദുരുപയോഗം ചെയ്ത് പലരിൽനിന്നും മദൻ പണം വാങ്ങിയിരുന്നതായി പോലീസിന് വിവരം ലഭിച്ചു. ജീവകാരുണ്യപ്രവർത്തനങ്ങൾ നടത്തുന്നുവെന്ന വ്യാജേന ആഡംബരജീവിതം നയിക്കുകയായിരുന്നു. ഇതറിയാതെ ഒട്ടേറെപ്പേർ പണം നൽകിയതായാണ് വിവരം.

സാമ്പത്തിക തട്ടിപ്പുകളെക്കുറിച്ച് പരാതിയുയർന്നതോടെ മദന്റെയും ഭാര്യയുടെയും ബാങ്ക് അക്കൗണ്ടുകൾ പോലീസ് മരവിപ്പിച്ചു. തട്ടിപ്പിനിരയായിട്ടുള്ളവർക്ക് dcpccbi@gmail.com എന്ന ഇ-മെയിലിൽ പരാതി നൽകാവുന്നതാണെന്ന് പോലീസ് അറിയിച്ചു. ചെറിയ തുകയാണെങ്കിലും തെളിവുസഹിതം പരാതിപ്പെട്ടാൽ പണം തിരികെ കൊടുക്കുമെന്നും പോലീസ് അറിയിച്ചു.

സേലം സ്വദേശിയായ മദൻ (29) ഭാര്യ കൃതികയോടൊപ്പം (24) ചെന്നൈയിലാണ് താമസിച്ചിരുന്നത്. എൻജിനിയറിങ് ബിരുദധാരിയാണ്. ഇന്ത്യയിൽ നിരോധിച്ചിട്ടുള്ള പബ്ജി ഗെയിം വി.പി.എൻ. സെർവറുകൾ ഉപയോഗിച്ച് അനധികൃതമായി കളിക്കുന്നതിന്റെ വീഡിയോകളാണ് യൂട്യൂബ് ചാനലുകളിൽ പോസ്റ്റുചെയ്തിരുന്നത്. ഓൺലൈൻ ഗെയിമിനിടെ അശ്ലീലപ്രയോഗങ്ങളും സ്ത്രീവിരുദ്ധപരാമർശങ്ങളും നടത്തിയാണ് കുപ്രസിദ്ധി നേടിയത്. എട്ടുലക്ഷത്തോളം പേരാണ് യൂട്യൂബിൽ പിന്തുടർന്നിരുന്നത്. ഇയാളുടെ ഭാര്യ കൃതികയെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു.

പുഴൽ വനിതാ ജയിലിൽക്കഴിയുന്ന കൃതികയ്ക്കൊപ്പം എട്ടുമാസം പ്രായമുള്ള കൈക്കുഞ്ഞുമുണ്ട്.