ചെന്നൈ: പബ്ജി ഗെയിമിന്റെ ലൈവ് സ്ട്രീമിങ്ങിനിടെ സ്ത്രീകളെ അധിക്ഷേപിച്ചതിന് അറസ്റ്റിലായ യൂട്യൂബർ പബ്ജി മദൻ എന്ന മദൻകുമാറിന്റെ ബാങ്ക് അക്കൗണ്ടുകൾ പോലീസ് മരവിപ്പിച്ചു. മദന്റെയും ഭാര്യ കൃതികയുടെയും പേരിലുള്ള രണ്ട് ബാങ്ക് അക്കൗണ്ടുകളാണ് മരവിപ്പിച്ചത്. ഈ അക്കൗണ്ടുകളിൽ ഏകദേശം നാല് കോടിയോളം രൂപ ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്. അതിനിടെ, നിലവിലെ കേസുമായി ബന്ധപ്പെട്ട് റോഡ് കോൺട്രാക്ടറായിരുന്ന മദന്റെ പിതാവ് മാണിക്യത്തെ പോലീസ് ചോദ്യംചെയ്യുന്നതായും റിപ്പോർട്ടുകളുണ്ട്.

പബ്ജി ഗെയിമിന്റെ ലൈവ് സ്ട്രീമിങ്ങിനിടെ അശ്ലീലപരാമർശങ്ങൾ നടത്തിയതിന് കഴിഞ്ഞദിവസമാണ് പബ്ജി മദനെ പോലീസ് അറസ്റ്റ് ചെയ്തത്. കേസ് രജിസ്റ്റർ ചെയ്തതോടെ ഒളിവിൽപോയ ഇയാളെ ധർമപുരിയിൽനിന്നാണ് പോലീസ് സംഘം പിടികൂടിയത്. ഇതോടെ മദൻ സമർപ്പിച്ചിരുന്ന മുൻകൂർ ജാമ്യാപേക്ഷ മദ്രാസ് ഹൈക്കോടതി തള്ളുകയും ചെയ്തു. കേസിൽ യൂട്യൂബ് ചാനലിന്റെയും വിവിധ ഗ്രൂപ്പുകളുടെയും അഡ്മിനായ മദന്റെ ഭാര്യ കൃത്രികയെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

സേലം സ്വദേശിയായ മദൻ 2019-ലാണ് യൂട്യൂബ് ചാനൽ ആരംഭിക്കുന്നത്. സേലത്തെ എൻജിനീയറിങ് കോളേജിൽനിന്ന് ബിരുദം നേടിയ ഇയാൾ അതിന് മുമ്പ് ആമ്പത്തൂരിൽ പിതാവിനൊപ്പം ഭക്ഷണശാല നടത്തിയിരുന്നു. എന്നാൽ ഈ സ്ഥാപനം വലിയ നഷ്ടത്തിൽ കലാശിച്ചു. ഇതിനിടെ, സാമൂഹികമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട കൃത്രികയുമായി മദൻ പ്രണയത്തിലായി,പിന്നീട് ഇരുവരും വിവാഹിതരാവുകയും ചെയ്തു. ദമ്പതിമാർക്ക് എട്ട് മാസം പ്രായമുള്ള കുഞ്ഞുമുണ്ട്.

ഹോട്ടൽ ബിസിനസ് തകർന്നതിന് ശേഷമാണ് മദൻ യൂട്യൂബ് ചാനൽ ആരംഭിക്കുന്നത്. എങ്ങനെ തന്ത്രപൂർവം പബ്ജി കളിക്കാമെന്നതും ഗെയിമിന്റെ ലൈവും 'ടോക്സിക് മദൻ 18+ 'എന്ന ചാനലിൽ പോസ്റ്റ് ചെയ്തു. പിന്നീട് പബ്ജി മദൻ ഗേൾ ഫാൻ എന്ന പേരിലും റിച്ചി ഗെയിമിങ് എന്ന പേരിലും യൂട്യൂബ് ചാനലുകൾ ആരംഭിച്ചു. ഇതിൽ പലതും അസഭ്യമായ ഉള്ളടക്കങ്ങൾ നിറഞ്ഞ വീഡിയോകളായിരുന്നു. എന്നാൽ ഈ വീഡിയോകൾ മറുവശത്ത് മദന് വലിയൊരു ആരാധകവൃന്ദത്തെ നേടികൊടുത്തു. യൂട്യൂബ് ചാനലിന് പ്രശസ്തി നേടാനായി ഭാര്യയോടൊപ്പം ചേർന്ന് അശ്ലീല ഉള്ളടക്കങ്ങൾ നിറഞ്ഞ വീഡിയോകൾ ഇയാൾ പോസ്റ്റ് ചെയ്തിരുന്നു. ഈ ചാനലുകളുടെയെല്ലാം അഡ്മിൻ കൃത്രികയാണെന്നാണ് പോലീസ് സംഘം പറയുന്നത്. പിന്നീട് കേന്ദ്രസർക്കാർ പബ്ജി നിരോധിച്ചതോടെ വി.പി.എൻ. ഉപയോഗിച്ചായിരുന്നു മദൻ ഗെയിമിങ് തുടർന്നത്.

ആഡംബര ജീവിതം ഇഷ്ടപ്പെട്ടിരുന്ന ദമ്പതിമാർക്ക് യൂട്യൂബ് ചാനലുകളിൽനിന്ന് ഉയർന്ന വരുമാനം ലഭിച്ചിരുന്നതായാണ് പോലീസിന്റെ കണ്ടെത്തൽ. പ്രതിമാസം പത്ത് ലക്ഷം രൂപ വരെ ഇവർക്ക് ലഭിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ട്. ഏകദേശം എട്ട് ലക്ഷത്തിലേറെ സബ് സ്ക്രൈബേഴ്സാണ് പബ്ജി മദന് യൂട്യൂബിലുണ്ടായിരുന്നത്. ഇവരിൽ ഏറെപേരും വിദ്യാർഥികളും കൗമാരക്കാരുമായിരുന്നു.

കഴിഞ്ഞദിവസത്തെ അറസ്റ്റിന് പിന്നാലെ മദന്റെ വീട്ടിൽ പോലീസ് സംഘം റെയ്‌ഡ് നടത്തിയിരുന്നു. മൊബൈൽ ഫോണുകളും ലാപ്ടോപ്പുകളും കമ്പ്യൂട്ടറും പോലീസ് ഇവിടെനിന്ന് പിടിച്ചെടുത്തു. മദന്റെ ബി.എം.ഡബ്ല്യൂ, ഔഡി ആഡംബര കാറുകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇയാളുടെ സാമ്പത്തിക ഇടപാടുകളും പോലീസ് പരിശോധിച്ചുവരികയാണ്.

Content Highlights: pubg madan pubg gaming live pubg madan and wife arrested