തിരുവനന്തപുരം: വൈഗയുടെ കൊലപാതകം ആസൂത്രിതമായ കുറ്റകൃത്യമെന്ന് വിലയിരുത്തി മനശാസ്ത്രജ്ഞ പി.ടി. വാണിദേവി. മാതൃഭൂമി ന്യൂസ് സ്പാര്‍ക്ക് @3 ചര്‍ച്ചയിലായിരുന്നു അവരുടെ പ്രതികരണം. നിലവിലെ വിവരങ്ങളനുസരിച്ച് സനുമോഹന്റെ ക്രിമിനല്‍ ബുദ്ധി മാത്രമേ ഇപ്പോള്‍ കാണാനുള്ളൂ. ഇതൊരു ആസൂത്രിതമായ കുറ്റകൃത്യമാണെന്ന് വേണം കരുതാന്‍. എന്നാല്‍ കുട്ടിയോട് എന്തിന് ഇത് ചെയ്തു എന്നതെല്ലാം അന്വേഷണത്തില്‍ കണ്ടെത്തണമെന്നും വാണിദേവി പറഞ്ഞു. 

അയല്‍ക്കാരും മറ്റും പറയുന്നതനുസരിച്ച് സനുമോഹനുമായും വൈഗയുമായും മാത്രമേ അവര്‍ക്ക് പരിചയമുള്ളൂ. സനുമോഹന്റെ ഭാര്യയുമായി അധികമാര്‍ക്കും പരിചയമില്ല. അതിനാല്‍ സനുവും ഭാര്യയും തമ്മിലുള്ള ബന്ധം ഏത് നിലയിലായിരിക്കണമെന്ന് പരിശോധിക്കേണ്ടതുണ്ട്. മകളെ ഇല്ലാതാക്കി ആത്മഹത്യ ചെയ്യണമെന്ന് തീരുമാനിച്ചപ്പോഴും എന്തുകൊണ്ട് പ്രതി ഭാര്യയെ ഉള്‍പ്പെടുത്തിയില്ലെന്നും വാണിദേവി ചോദിച്ചു. 

ആത്മഹത്യ ചെയ്യാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോകാന്‍ വൈഗ തീരെ ചെറിയ കുട്ടിയല്ല. അയല്‍ക്കാര്‍ പറയുന്ന വിവരമനുസരിച്ച് സ്മാര്‍ട്ടായ കുട്ടിയാണ്.എതിര്‍ക്കാനും പ്രതികരിക്കാനും ശേഷിയുള്ള കുട്ടിയാണ്. അതിനാല്‍ ആത്മഹത്യ ചെയ്യാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോകാന്‍ സാധ്യതയില്ല. ഇതുവരെയുള്ള വിവരങ്ങളനുസരിച്ച് ഇതൊരു ആസൂത്രിതമായ കുറ്റകൃത്യമാണ്. സനുമോഹന്റേത് ഇന്റലിജന്റായ ക്രിമിനല്‍ മൂവാണ്. ഇടയ്ക്കിടെ മൊഴി മാറ്റിപറയുന്നത് മാനസികപ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്ന് വരുത്തിതീര്‍ക്കാനാകാമെന്നും വാണിദേവി പറഞ്ഞു. 

Content Highlights: psychologist vanidevi response about vaiga murder case sanu mohan behavior