ലഖ്നൗ: സ്വത്ത് തർക്കത്തെ തുടർന്ന് അമ്മയെ മകനും മരുമകളും തീകൊളുത്തി കൊന്നു. ഉത്തർപ്രദേശിലെ ഷാജഹാൻപുർ സ്വദേശി രത്ന ഗുപ്ത(58)യാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ രത്നയുടെ മകൻ ആകാശിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ ഭാര്യ അടക്കം മറ്റ് മൂന്ന് ബന്ധുക്കൾക്കെതിരേയും പോലീസ് കേസെടുത്തിട്ടുണ്ട്.

ഞായറാഴ്ച രാത്രിയാണ് ആകാശും ഭാര്യയും ചേർന്ന് അമ്മയെ തീകൊളുത്തിയത്. ഗുരുതരമായി പൊള്ളലേറ്റ ഇവരെ പിന്നീട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. മകനും മരുമകളും മറ്റൊരു ബന്ധുവും ചേർന്നാണ് തന്നെ ആക്രമിച്ചതെന്നായിരുന്നു ഇവരുടെ മരണമൊഴി. തുടർന്നാണ് പോലീസ് ആകാശിനെ കസ്റ്റഡിയിലെടുത്തത്.

രത്നയുടെ ഉടമസ്ഥതയിലുള്ള വീട് വിറ്റ് പണം നൽകണമെന്ന് ആകാശ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ വസ്തു എല്ലാ മക്കൾക്കും തുല്യമായി പങ്കുവെയ്ക്കാനായിരുന്നു രത്നയുടെ തീരുമാനം. ഇതേച്ചൊല്ലി നിരന്തരം വഴക്കുണ്ടായെങ്കിലും തീരുമാനം മാറ്റിയില്ല. പ്രശ്നം നാട്ടുപഞ്ചായത്തിലടക്കം എത്തിയെങ്കിലും പരിഹാരം കണ്ടില്ല. തുടർന്നാണ് ആകാശും ഭാര്യയും ചേർന്ന് അമ്മയെ തീകൊളുത്തി കൊലപ്പെടുത്തിയത്.

Content Highlights:property dispute woman burnt alive by son and daughter in law in uttar pradesh