ബാലരാമപുരം: കൊറോണ പ്രതിരോധ ജോലി കഴിഞ്ഞ് നാട്ടിലെത്തി, വീടിനു മുന്നില്‍വച്ച് വാഹനം കഴുകുമ്പോള്‍ പ്രൊബേഷനറി എസ്.ഐ.യെ ബാലരാമപുരം എസ്.ഐയും പോലീസുകാരനും ചേര്‍ന്നു മര്‍ദിച്ചതായി പരാതി.

കായംകുളം കരീലക്കുളങ്ങര സ്റ്റേഷനിലെ പ്രൊബേഷനറി എസ്.ഐ. ബാലരാമപുരം കാവിന്‍പുറം വലിയവിള വീട്ടില്‍ ജെ.യു.ജിനു(29)വിനാണ് മര്‍ദനമേറ്റത്. വ്യാഴാഴ്ച വൈകീട്ട് വീടിനു മുന്നില്‍വച്ച് ബൈക്ക് കഴുകുമ്പോഴാണ് സംഭവം. ജിനു ഡ്യൂട്ടി കഴിഞ്ഞ് യാത്രാ പാസുമായി ബുധനാഴ്ച രാത്രിയിലാണ് വീട്ടിലെത്തിയത്.

മകനു സുഖമില്ലാത്തതിനാല്‍ അനുവാദം വാങ്ങിയാണ് അവധിക്കു നാട്ടിലെത്തിയത്. വ്യാഴാഴ്ച വൈകീട്ട് വീടിന്റെ കോമ്പൗണ്ടില്‍ ബൈക്ക് കഴുകിക്കൊണ്ടിരിക്കുമ്പോള്‍ ബാലരാമപുരം എസ്.ഐ. വിനോദ് കുമാറും എ.എസ്.ഐ.യും സി.പി.ഒ.യും ജീപ്പിലെത്തി 'എന്തിനാടാ ഇവിടെ നില്‍ക്കുന്നതെ'ന്നു ചോദിച്ചു. അപ്പോള്‍ത്തന്നെ താന്‍ കരീലക്കുളങ്ങര പ്രൊബേഷനറി എസ്.ഐ. ആണെന്നു വ്യക്തമാക്കി. നിനക്ക് മാസ്‌ക് ധരിച്ചു നിന്നുകൂടേയെന്നു ചോദിച്ച് എസ്.ഐ. അസഭ്യം പറഞ്ഞു. തുടര്‍ന്ന് സി.പി.ഒ. ലാത്തികൊണ്ട് തുടയ്ക്കടിച്ചു.

പിന്നീട് എസ്.ഐ.യും അടിച്ചതായി ജിനു നെയ്യാറ്റിന്‍കര ഡിവൈ.എസ്.പി.ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. വെള്ളിയാഴ്ച ജോലിയില്‍ തിരികെ പ്രവേശിക്കണമെന്നതിനാലാണ് വാഹനം വൃത്തിയാക്കാനിറങ്ങിയത്. തന്നോടൊപ്പം രണ്ടു സുഹൃത്തുക്കളുണ്ടായിരുന്നു. അവര്‍ പറമ്പിനു താഴെ കിണറ്റില്‍നിന്നു വെള്ളമെടുത്ത് കാര്‍ കഴുകിക്കൊണ്ടിരിക്കുകയായിരുന്നു. ബാലരാമപുരം പോലീസിന്റെ നടപടി തനിക്കു മനോവിഷമമുണ്ടാക്കിയെന്ന് ഡിവൈ.എസ്.പി.ക്ക് നല്‍കിയ പരാതിയില്‍ ജിനു വ്യക്തമാക്കുന്നു. എസ്.ഐ.ക്കും പോലീസുകാരനും പ്രകോപനമുണ്ടാക്കുന്ന നടപടി തന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നും ജിനു പറയുന്നു.

കുറച്ചുപേര്‍ കൂടിനില്‍ക്കുന്നതു കണ്ടാണ് സ്ഥലത്ത് ഇറങ്ങിയതെന്നും പ്രൊബേഷനറി എസ്.ഐ.യാണെന്നു മനസ്സിലായതോടെ കൂടിനില്‍ക്കാതെ പോകണമെന്ന് ആവശ്യപ്പെടുക മാത്രമാണ് ചെയ്തതെന്നും ബാലരാമപുരം എസ്.ഐ. വിനോദ് കുമാര്‍ പറഞ്ഞു. സംഭവസമയം കൂടിനിന്നവര്‍ മാസ്‌ക് ധരിച്ചിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Content Highlights: probationary sub inspector alleges that he was attacked by balaramapuram si