തിരുവനന്തപുരം: ഭാര്യയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ നടൻ ഉണ്ണി രാജൻ പി. ദേവിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. പ്രതിയെ ജയിലിലേക്ക് മാറ്റി.

വെമ്പായം സ്വദേശിയും ഉണ്ണിയുടെ ഭാര്യയുമായ പ്രിയങ്ക(25) മെയ് 12-ാം തീയതിയാണ് വീട്ടിനുള്ളിൽ ജീവനൊടുക്കിയത്. ഭർത്താവായ ഉണ്ണിയുടെയും ഭർതൃവീട്ടുകാരുടെയും ശാരീരിക, മാനസിക പീഡനങ്ങളെ തുടർന്നാണ് പ്രിയങ്ക ജീവനൊടുക്കിയതെന്നായിരുന്നു കുടുംബത്തിന്റെ പരാതി. മരിക്കുന്നതിന് തലേദിവസം ഇതേ കാര്യങ്ങൾ ഉന്നയിച്ച് പ്രിയങ്കയും വട്ടപ്പാറ പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്നാണ് നെടുമങ്ങാട് ഡിവൈ.എസ്.പി. ജെ.ഉമേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കഴിഞ്ഞദിവസം ഉണ്ണി രാജൻ പി.ദേവിനെ അങ്കമാലിയിൽനിന്ന് അറസ്റ്റ് ചെയ്തത്.

മെയ് പത്താം തീയതി അങ്കമാലിയിലെ വീട്ടിൽനിന്ന് നേരിട്ട പീഡനവും ഉപദ്രവവുമാണ് പ്രിയങ്കയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ കണ്ടെത്തൽ. മരിക്കുന്നതിന് തൊട്ടുമുമ്പ് പ്രിയങ്കയ്ക്ക് ഒരു ഫോൺകോൾ വന്നതായും ഇതിനു ശേഷമാണ് പ്രിയങ്ക മുറിയിൽ കയറി ജീവനൊടുക്കിയതെന്നും വീട്ടുകാർ നേരത്തെ പറഞ്ഞിരുന്നു. ഈ ഫോൺകോൾ ഉണ്ണിയുടെതാണെന്നും പോലീസ് സ്ഥിരീകരിച്ചു. സ്വന്തം വീട്ടിലെത്തിയ പ്രിയങ്കയെ അന്ന് ഫോണിലൂടെയും ഉണ്ണി ശകാരിച്ചിരുന്നതായാണ് പോലീസ് പറയുന്നത്. നിന്നെ എനിക്ക് ഇനി വേണ്ടെന്നും ഭാര്യയായി ഉൾക്കൊള്ളാനാകില്ലെന്നുമാണ് ഉണ്ണി പ്രിയങ്കയോട് പറഞ്ഞത്. ഇതിനു പിന്നാലെ പ്രിയങ്ക ജീവനൊടുക്കുകയായിരുന്നു.

അങ്കമാലിയിൽ ഉണ്ണിയുടെ വീട്ടിലാണ് പ്രിയങ്കയും നേരത്തെ താമസിച്ചിരുന്നത്. ജീവനൊടുക്കുന്നതിന് രണ്ടു ദിവസം മുമ്പ് പ്രിയങ്കയെ ഉപദ്രവിച്ച ശേഷം ഉണ്ണി വീട്ടിൽനിന്ന് ഇറക്കിവിട്ടു. തുടർന്ന് പ്രിയങ്ക സഹോദരൻ വിഷ്ണുവിനെ വിളിച്ചുവരുത്തി സ്വന്തം വീട്ടിലേക്ക് വരികയായിരുന്നു. ഇതിനു പിന്നാലെയാണ് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. വീട്ടിൽനിന്ന് പുറത്താക്കിയ ശേഷം ഉണ്ണി പ്രിയങ്കയെ അസഭ്യം പറയുന്ന വീഡിയോ ദൃശ്യങ്ങൾ ബന്ധുക്കൾ പുറത്തുവിട്ടിരുന്നു.

പ്രിയങ്ക സ്വന്തം മൊബൈൽ ഫോണിൽ റെക്കോഡ് ചെയ്ത ദൃശ്യങ്ങളായിരുന്നു ഇത്. കേട്ടാലറയ്ക്കുന്ന ഭാഷയിലാണ് ഉണ്ണി ഭാര്യയെ തെറി വിളിക്കുന്നത്. ഇതെല്ലാം കേട്ട് പ്രിയങ്ക കരയുകയായിരുന്നു. ഇതിനൊപ്പം ഉണ്ണിയുടെ ആക്രമണത്തിൽ പരിക്കേറ്റതിന്റെ പാടുകളും പ്രിയങ്ക ഫോണിൽ റെക്കോഡ് ചെയ്തിരുന്നു. ഇതും ബന്ധുക്കൾ പുറത്തുവിട്ടിരുന്നു. പ്രിയങ്കയുടെ ശരീരത്തിൽ മർദ്ദനമേറ്റ പാടുകളടക്കമുള്ള ഈ തെളിവുകൾ കുടുംബാംഗങ്ങൾ നേരത്തെ പോലീസിനു കൈമാറിയിരുന്നു.

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബമാണ് പ്രിയങ്കയുടേത്. അച്ഛന്റെ മരണശേഷം അമ്മ ജയ വീട്ടുജോലികൾ ചെയ്താണ് പ്രിയങ്കയെ പഠിപ്പിച്ചിരുന്നത്. സ്പോർട്ട്സിൽ സജീവമായിരുന്ന പ്രിയങ്കയ്ക്ക് അധ്യാപികയായി ജോലി കിട്ടിയാണ് അങ്കമാലിയിലെത്തിയത്. ഇവിടെവച്ചാണ് ഉണ്ണിയെ പരിചയപ്പെട്ടത്. തുടർന്ന് 2019 നവംബർ 21-ന് ഇരു വീട്ടുകാരുടെയും സമ്മതത്തോടെ വിവാഹം നടത്തുകയായിരുന്നു. വിവാഹസമയത്ത് 30 പവൻ സ്വർണം നൽകിയിരുന്നു. പിന്നീട് പല തവണ പണം ആവശ്യപ്പെട്ട് ഉണ്ണി പ്രിയങ്കയെ ഉപദ്രവിച്ചു. ഫ്ളാറ്റ് വാടകയ്ക്കെടുക്കാനും മറ്റും പ്രിയങ്കയുടെ കുടുംബം പല തവണയായി പണം നൽകുകയും ചെയ്തു. പക്ഷേ, പിന്നീടും ഉണ്ണി പണം ആവശ്യപ്പെട്ട് നിരന്തരം പീഡനം തുടർന്നതായാണ് പ്രിയങ്കയുടെ വീട്ടുകാരുടെ മൊഴി.

നേരത്തെ കോവിഡ് പോസിറ്റീവായിരുന്ന ഉണ്ണിയെ കോവിഡ് പരിശോധനയ്ക്കു ശേഷമാണ് കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തത്. തുടർന്ന് ഇവർ വാടകയ്ക്കു താമസിച്ചിരുന്ന കാക്കനാട്ടെ ഫ്ളാറ്റിലെത്തിച്ച് തെളിവെടുപ്പു നടത്തി. ഈ ഫ്ളാറ്റ് വാടകയ്ക്ക് എടുക്കുന്നതിനു വേണ്ടിയാണ് കൂടുതൽ സ്ത്രീധനമാവശ്യപ്പെട്ട് ഉണ്ണിയും അമ്മയും ചേർന്ന് പ്രിയങ്കയെ പീഡിപ്പിച്ചിരുന്നതെന്ന് പരാതിയിൽ പറഞ്ഞിരുന്നു.

കേസിലെ രണ്ടാംപ്രതിയായ ഉണ്ണിയുടെ അമ്മ ശാന്തമ്മയെ കോവിഡ് പോസിറ്റീവായതിനാൽ അറസ്റ്റു ചെയ്തിട്ടില്ല. കോവിഡ് നെഗറ്റീവായാൽ ഇവരെ അറസ്റ്റ് ചെയ്യുമെന്ന് നെടുമങ്ങാട് ഡിവൈ.എസ്.പി. ജി.ഉമേഷ് പറഞ്ഞു. സ്ത്രീധനപീഡനവും ആത്മഹത്യാ പ്രേരണാക്കുറ്റവുമാണ് പ്രതികളുടെ പേരിൽ ചുമത്തിയിട്ടുള്ളത്.

Content Highlights:priyanka suicide case husband and actor unni rajan p dev remanded for 14 days