തിരുവനന്തപുരം: നടൻ ഉണ്ണി പി. രാജൻദേവ് പോലീസ് കസ്റ്റഡിയിൽ. ഭാര്യ പ്രിയങ്ക ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട കേസിലാണ് കസ്റ്റഡിയിലെടുത്തത്. കായിക അധ്യാപികയായിരുന്ന പ്രിയങ്ക ആത്മഹത്യ ചെയ്തതിന് പിന്നിൽ ഭർത്താവായ ഉണ്ണിയുടെയും ഭർതൃവീട്ടുകാരുടെയും പീഡനമാണെന്ന് പ്രിയങ്കയുടെ മാതാപിതാക്കൾ പോലീസിന് പരാതി നൽകിയിരുന്നു.

ആത്മഹത്യ ചെയ്യുന്നതിന് തലേദിവസം ഉണ്ണി പി. രാജൻദേവിനെതിരെ ഗാർഹിക പീഡനത്തിന് പരാതി നൽകിയിരുന്നു. ആത്മഹത്യ വലിയ വാർത്താ പ്രാധാന്യം നേടിയതോടെ നെടുമങ്ങാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘത്ത കേസിന്റെ അന്വേഷണം ഏൽപിച്ചു.

കോവിഡ് പോസിറ്റിവായി സമ്പർക്ക വിലക്കിലായതിനെ തുടർന്നാണ് ഉണ്ണിയെയും മാതാവിനെയും പോലീസ് കസ്റ്റഡിയിലെടുക്കാതിരുന്നത്. കോവിഡ് നെഗറ്റീവാകുകയും ക്വാറന്റീൻ സമയം കഴിയുകയും ചെയ്തതിനെ തുടർന്നാണ് ഇന്ന് രാവിലെ പോലീസ് കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ഉണ്ടാകുമെന്നാണ് അറിയുന്നത്. അന്തരിച്ച നടൻ രാജൻ പി. ദേവിന്റെ മകനാണ് ഉണ്ണി പി.രാജൻദേവ്.

Content Highlights:priyanka suicide actor unni p rajan in police custody