ചെര്‍പ്പുളശ്ശേരി: ഉയര്‍ന്ന പലിശയും ആനുകൂല്യങ്ങളും നല്‍കാമെന്നുപറഞ്ഞ് നിക്ഷേപകരെ വഞ്ചിച്ചെന്ന കേസില്‍ ഒളിവിലായിരുന്ന ചെര്‍പ്പുളശ്ശേരിയിലെ സ്വകാര്യ ധനകാര്യസ്ഥാപനത്തിന്റെ ചെയര്‍മാന്‍ ചിറ്റൂരില്‍ അറസ്റ്റില്‍.

ചെര്‍പ്പുളശ്ശേരിയിലെ ഹിന്ദുസ്ഥാന്‍ ഡെവലപ്‌മെന്റ് ബെനഫിറ്റ്‌സ് നിധി ലിമിറ്റഡ് (എച്ച്.ഡി.ബി.) എന്ന ബാങ്കിതര ധനകാര്യസ്ഥാപനത്തിന്റെ ചെയര്‍മാന്‍ സുരേഷ് കൃഷ്ണയെയാണ് (45) ചിറ്റൂര്‍ പോലീസ് സ്റ്റേഷനില്‍വെച്ച് ചെര്‍പ്പുളശ്ശേരി എസ്.ഐ. കെ. സുഹൈല്‍ ചൊവ്വാഴ്ച വൈകീട്ട് അറസ്റ്റുചെയ്തത്.

ചിറ്റൂരില്‍ കാറില്‍ സഞ്ചരിക്കുകയായിരുന്ന സുരേഷ് കൃഷ്ണയെ എച്ച്.ഡി.ബി.യിലെ ഓഹരിയുടമകള്‍ പിന്തുടര്‍ന്നു പിടികൂടി ചെര്‍പ്പുളശ്ശേരി പോലീസില്‍ വിവരം നല്‍കുകയായിരുന്നു. ചെര്‍പ്പുളശ്ശേരി പോലീസിന്റെ നിര്‍ദേശപ്രകാരം ചിറ്റൂര്‍ പോലീസ് ഇയാളെ പിടികൂടി.

ഉയര്‍ന്ന പലിശയും ആനുകൂല്യങ്ങളും വാഗ്ദാനംചെയ്ത് ഒരു ലക്ഷം രൂപ തട്ടിയെന്ന നിക്ഷേപകന്റെ പരാതിയില്‍ പോലീസ് ജൂണ്‍ രണ്ടാംവാരത്തില്‍ കേസെടുത്തിരുന്നു. തൃക്കടീരി കിഴൂര്‍ പത്തായപ്പുരയില്‍ പ്രദീപ് നല്‍കിയ പരാതിയിന്മേലാണ് കേസെടുത്തത്. 2020 ഓഗസ്റ്റില്‍ ഒരു ലക്ഷം രൂപ സ്ഥാപനത്തിന്റെ പേരിലുള്ള അക്കൗണ്ടില്‍ നിക്ഷേപിച്ചെന്നും മാസങ്ങള്‍ പലതുകഴിഞ്ഞിട്ടും പലിശയോ മുതലോ നല്‍കാതെ ചെയര്‍മാന്‍ കബളിപ്പിച്ചെന്നും പ്രദീപ് പരാതിയില്‍ പറയുന്നു.

സുരേഷ് കൃഷ്ണയുടെ പേരില്‍ മൂന്നു കേസുകളുണ്ടെന്നും ലക്ഷങ്ങളുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയതായി ഏഴുപേരുടെ പരാതികളുണ്ടെന്നും ചെര്‍പ്പുളശ്ശേരി സി.ഐ. എം. സുജിത്ത് പറഞ്ഞു. ഒറ്റപ്പാലം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി സുരേഷ് കൃഷ്ണയെ റിമാന്‍ഡ് ചെയ്തു. ഇയാളെ കസ്റ്റഡിയില്‍ വാങ്ങിയശേഷം കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.