തിരുവനന്തപുരം: രക്ഷപ്പെട്ട തടവുകാരന്‍ ജാഹീര്‍ ഹുസൈന്‍ ജയിലില്‍നിന്നു നടത്തിയിട്ടുള്ള ഫോണ്‍വിളികളുടെ വിശദാംശങ്ങള്‍ പോലീസ് ശേഖരിച്ചു. ഈ നമ്പരുകളെല്ലാം നിരീക്ഷണത്തിലാണ്. ജയിലില്‍നിന്നു തടവുകാര്‍ക്ക് പുറത്തേക്കു വിളിക്കാന്‍ അനുമതി നല്‍കാറുണ്ട്. ഇത്തരത്തില്‍ ജാഹീര്‍ ഹുസൈന്‍ ബന്ധപ്പെട്ടിരുന്നവരുടെ വിവരങ്ങളാണ് പോലീസ് എടുത്തത്. ഇയാള്‍ തടവില്‍ക്കഴിഞ്ഞിരുന്ന സെല്ലില്‍നിന്നു ലഭിച്ച ബുക്കിലെ ഫോണ്‍ നമ്പരുകളും പോലീസ് ശേഖരിച്ചു. കൂടുതല്‍ അന്വേഷണത്തിനായി പോലീസ് സംഘം വ്യാഴാഴ്ച തൂത്തുക്കുടിയിലേക്കു തിരിക്കും.

ജയില്‍വളപ്പില്‍നിന്നിറങ്ങിയ ഇയാള്‍ തമ്പാനൂരിലേക്കു പോയ ഓട്ടോയ്ക്ക് കൂലി കൊടുത്തിരുന്നു. യാത്രചെയ്യാനാവശ്യമായ തുക ഇയാളുടെ കൈവശമുണ്ടായിരുന്നുവെന്നാണ് സൂചന. തടവുകാര്‍ക്ക് ജയിലില്‍നിന്നു നല്‍കുന്ന കൂലിയാണ് ഇയാളുടെ കൈവശമുണ്ടായിരുന്നത്. ബസില്‍ കളിയിക്കാവിള കടന്നുവെന്ന വിവരം പോലീസിനു ലഭിച്ചിട്ടുണ്ട്. തടവുകാരന്‍ രക്ഷപ്പെട്ട് ഒരു മണിക്കൂറിനു ശേഷമാണ് പോലീസിനു വിവരം ലഭിച്ചത്. ഈ സമയത്തിനുള്ളില്‍ രക്ഷപ്പെടാനുള്ള അവസരം ലഭിച്ചു. കായല്‍പട്ടണത്തെ വീട്ടില്‍ ഇയാള്‍ എത്തിയിട്ടില്ലെന്നു കണ്ടെത്തിയിട്ടുണ്ട്. അടുത്ത ബന്ധുക്കളും നിരീക്ഷണത്തിലാണ്. കന്റോണ്‍മെന്റ് അസി. കമ്മിഷണര്‍ ജി.എല്‍.അജിത്കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

ഉദ്യോഗസ്ഥന്റെ വീഴ്ചയെന്നു വിലയിരുത്തല്‍

പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍നിന്ന് കൊലക്കേസ് പ്രതി രക്ഷപ്പെട്ട സംഭവത്തില്‍ സുരക്ഷാവീഴ്ചയില്ലെന്ന് ജയില്‍വകുപ്പിന്റെ പ്രാഥമിക നിഗമനം. ജയില്‍ ബ്ലോക്കില്‍നിന്ന് തടവുകാരെ ജയില്‍വളപ്പിലേക്കു ജോലിക്കായി(ഗ്യാങ്) കൊണ്ടുപോകുമ്പോള്‍ ആറു തടവുകാര്‍ക്ക് ഒരു ഉദ്യോഗസ്ഥനെ വീതം മേല്‍നോട്ടത്തിനു നിയോഗിക്കാറുണ്ട്.

തടവുചാടിയ കായല്‍പട്ടണം സ്വദേശി ജാഹിര്‍ ഹുസൈന്റെ ഗ്യാങ്ങില്‍ അയാളുള്‍പ്പെടെ രണ്ടു തടവുകാരാണുണ്ടായിരുന്നത്. മേല്‍നോട്ടത്തിന് അസി. പ്രിസണ്‍ ഓഫീസര്‍ പി.എസ്.അമലിനെ നിയോഗിച്ചിരുന്നു. ജയിലിലെ നല്ലനടപ്പ് പരിഗണിച്ചാണ് തടവുകാരെ പുറത്തെ യൂണിറ്റുകളില്‍ ജോലിക്കു നിയോഗിക്കുന്നത്. എന്നാല്‍, ഇവരെ അമിതമായി ഉദ്യോഗസ്ഥര്‍ വിശ്വസിക്കാന്‍ പാടില്ല. ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ത്തന്നെ നിര്‍ത്തണം. പുറത്തേക്കു രക്ഷപ്പെടാന്‍ സാധ്യതയുള്ള അലക്കുകേന്ദ്രത്തില്‍ തടവുകാരനെ നിര്‍ത്തിയിട്ട് അസി. പ്രിസണ്‍ ഓഫീസര്‍ മറ്റൊരു തടവുകാരനുമായി പ്രഭാതഭക്ഷണം എടുക്കാന്‍ ജയില്‍വളപ്പിലേക്കു കയറിയത് ഗുരുതര വീഴ്ചയാണെന്നാണ് കണ്ടെത്തല്‍. ഈ വീഴ്ച മുതലെടുത്താണ് തടവുകാരന്‍ രക്ഷപ്പെട്ടത്. അലക്കുകേന്ദ്രത്തില്‍നിന്നായതിനാല്‍ വസ്ത്രം മാറി രക്ഷപ്പെടാനും അവസരം ലഭിച്ചു. അസി. പ്രിസണ്‍ ഓഫീസറെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.

പ്രതി രക്ഷപ്പെട്ട സംഭവത്തെ തുടര്‍ന്ന് ജയില്‍ ജീവനക്കാരുടെ ഡ്യൂട്ടി ക്രമത്തില്‍ മാറ്റം വരുത്തി. അസി. പ്രിസണ്‍ ഓഫീസര്‍മാര്‍ക്ക് രണ്ടു ഡ്യൂട്ടി അടുപ്പിച്ചുനല്‍കിയിരുന്നത് നിര്‍ത്തലാക്കി. 24 മണിക്കൂര്‍ ജോലിചെയ്യുന്നവര്‍ക്ക് അടുത്ത ദിവസം അവധി നല്‍കിയിരുന്നു. ഇതിനു പകരം ആഴ്ചയില്‍ ഒരു അവധി വീതം ഏര്‍പ്പെടുത്തി. ഇതോടെ കൂടുതല്‍ ജീവനക്കാരെ ഡ്യൂട്ടിക്കു ലഭിക്കും. ലോക്ഡൗണില്‍ ഏര്‍പ്പെടുത്തിയിരുന്ന ക്രമീകരണം അവസാനിപ്പിച്ചെന്നാണ് ഇതു സംബന്ധിച്ച ഔദ്യോഗിക വിശദീകരണം.

പ്രതി രക്ഷപ്പെട്ട സമയത്ത് മേല്‍നോട്ടച്ചുമതലയുണ്ടായിരുന്ന അസി. പ്രിസണ്‍ ഓഫീസര്‍ വകുപ്പുതല പരിശീലനം പൂര്‍ത്തിയാക്കിയിരുന്നില്ല. ഇത്തരം ജീവനക്കാരെ നിര്‍ണായക ജോലികളില്‍ നിയോഗിച്ചത് വകുപ്പുതല വീഴ്ചയാണെന്നും അറിയുന്നു. സംഭവത്തില്‍ ദക്ഷിണമേഖല ഡി.ഐ.ജി. നടത്തുന്ന അന്വേഷണം ഒരാഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തീകരിക്കും. ബന്ധപ്പെട്ട ജീവനക്കാരില്‍നിന്നും തടവുകാരില്‍നിന്നും തെളിവെടുക്കല്‍ ആരംഭിച്ചിട്ടുണ്ട്.

ഗ്യാങ്ങുകളില്‍ നിരീക്ഷണം കര്‍ശനമാക്കി

വിശ്വസിച്ചു നിന്ന തടവുകാരന്‍ തങ്ങളെ കബളിപ്പിച്ചു രക്ഷപ്പെട്ടതിന്റെ ജാള്യതയിലാണ് പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ ഉദ്യോഗസ്ഥര്‍. സംഭവത്തെത്തുടര്‍ന്ന് പുറംപണിക്കുള്ള ഗ്യാങ്ങുകളില്‍ നിയോഗിക്കുന്ന തടവുകാരില്‍ നിരീക്ഷണം ശക്തമാക്കി. ജയിലില്‍ നല്ലനടപ്പു കാണിക്കുന്ന തടവുകാരെയാണ് പുറത്തെ ജോലിക്കു നിയോഗിക്കുന്നത്. ഇടയ്ക്ക് അവധിയനുവദിക്കുന്നതിനാല്‍ ഇവര്‍ക്കു വീട്ടില്‍ പോയിവരാനും കഴിയും.

രക്ഷപ്പെടില്ലെന്നു വ്യക്തമാകുന്നതോടെ ഇവര്‍ക്ക് ജയിലിനുള്ളില്‍ സ്വാതന്ത്ര്യമനുവദിക്കാറുണ്ട്. ഇതിനുവേണ്ടി ജയില്‍ ജീവനക്കാരുടെ വിശ്വാസം നേടുന്ന തടവുകാരുണ്ട്. നേരത്തേ ഒരു തവണ രക്ഷപ്പെട്ടിട്ടുണ്ടെങ്കിലും ജാഹീര്‍ ഹുസൈനെ തടവുകാരെ നിയന്ത്രിക്കുന്ന മേസ്തിരിയാക്കുകയും പുറംജോലികള്‍ക്കു നിയോഗിക്കുകയും ചെയ്തു. ഇതിലും വീഴ്ചപിണഞ്ഞിട്ടുണ്ടെന്നാണ് നിഗമനം.