പാലക്കാട്: അണുനാശിനി (സാനിറ്റൈസര്‍) അകത്തുചെന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന മലമ്പുഴ ജില്ലാജയിലിലെ റിമാന്‍ഡ് തടവുകാരന്‍ ചികിത്സയിലിരിക്കെ മരിച്ചു. മുണ്ടൂര്‍ നാമ്പുള്ളിപ്പുര വീട്ടില്‍ രാമന്‍കുട്ടിയാണ് (36) മരിച്ചത്. ബുധനാഴ്ച ഛര്‍ദിയെത്തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വ്യാഴാഴ്ച രാവിലെയാണ് മരിച്ചത്. സംഭവത്തെത്തുടര്‍ന്ന് മലമ്പുഴ ജില്ലാജയിലില്‍ അണുനാശിനിയുടെ ഉത്പാദനവും വിതരണവും നിര്‍ത്തിവെച്ചു.

കോങ്ങാട് പോലീസ് സ്റ്റേഷന്‍ പരിധിയിലുണ്ടായ രണ്ട് മേഷണക്കേസുകളില്‍ പ്രതിയാണ് രാമന്‍കുട്ടി. ഫെബ്രുവരി 18-നാണ് മലമ്പുഴ ജയിലില്‍ റിമാന്‍ഡ് ചെയ്തത്. കൊറോണാഭീതിയുടെ പശ്ചാത്തലത്തില്‍ ജയിലില്‍ സാനിറ്റൈസറിന്റെയും മാസ്‌കിന്റെയും നിര്‍മാണം ആരംഭിച്ചിരുന്നു. സാനിറ്റൈസറിന്റെ കുപ്പിയില്‍ സ്റ്റിക്കര്‍ ഒട്ടിക്കുന്ന ജോലി നോക്കിയിരുന്നവരില്‍ ഒരാളായിരുന്നു രാമന്‍കുട്ടി. ബുധനാഴ്ച രാവിലെ പത്തുമണിയോടെ ഛര്‍ദിച്ചതിനെത്തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ആശുപത്രിയില്‍ എത്തിച്ചതിനുശേഷമാണ് സാനിറ്റൈസര്‍ അകത്ത് ചെന്നിട്ടുണ്ടെന്ന വിവരമറിഞ്ഞത്. അത്യാഹിതവിഭാഗത്തില്‍ പ്രവേശിപ്പിച്ച ഇയാള്‍ വ്യാഴാഴ്ച രാവിലെ പത്തരയോടെ മരിച്ചു. ആല്‍ക്കഹോള്‍ അടങ്ങിയ അണുനാശിനി കുടിച്ചതാകാമെന്നാണ് കരുതുന്നതെന്ന് മലമ്പുഴ ജയില്‍ സൂപ്രണ്ട് അനില്‍കുമാര്‍ പറഞ്ഞു.

ഐസോപ്രൈന്‍ ആല്‍ക്കഹോളും ശരീരത്തിന് പൊള്ളലേല്‍പ്പിക്കുന്ന ഹൈഡ്രജന്‍ പെറോക്‌സൈഡും അടങ്ങുന്ന അണുനാശിനി ഒരു കാരണവശാലും കുടിക്കരുതെന്ന് ജയിലിലെ പ്രതികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നതാണെന്നും അദ്ദേഹം പറഞ്ഞു. മൃതദേഹം ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്മാര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ജയില്‍ സൂപ്രണ്ടിന്റെ പരാതിയില്‍ അസ്വഭാവികമരണത്തിന് പോലീസ് കേസെടുത്തു.

Content Highlights: prisoner consumes hand sanitiser, dies in palakkad