ഭോപ്പാല്‍: ജയിലില്‍വെച്ച് സ്വയം ജനനേന്ദ്രിയം മുറിച്ചെടുത്ത തടവുകാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗ്വാളിയോര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാരനായ ഉംറി സ്വദേശി വിഷ്ണു സിങ്ങിനെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 

ചൊവ്വാഴ്ച രാവിലെയാണ് ജയിലിനുള്ളില്‍ രക്തംവാര്‍ന്ന നിലയില്‍ വിഷ്ണുസിങ്ങിനെ കണ്ടത്. ഉടന്‍തന്നെ ജയില്‍ ഉദ്യോഗസ്ഥര്‍ ഇയാളെ സമീപത്തെ സിവില്‍ ആശുപത്രിയിലും പിന്നീട് ജില്ലാ ആശുപത്രിയിലേക്കും കൊണ്ടുപോയി. കൈവശമുണ്ടായിരുന്ന സ്പൂണ്‍ മൂര്‍ച്ചകൂട്ടിയാണ് ഇയാള്‍ ജനനേന്ദ്രിയം മുറിച്ചതെന്ന് ജയില്‍ സൂപ്രണ്ട് മനോജ് സാഹു മാധ്യമങ്ങളോട് പറഞ്ഞു. 

ജനനേന്ദ്രിയം ബലിനല്‍കണമെന്ന് ശിവ ഭഗവാന്‍ സ്വപ്‌നത്തില്‍ ആവശ്യപ്പെട്ടെന്നും അതിനാലാണ് ജനനേന്ദ്രിയം അറുത്തുമാറ്റിയതെന്നുമാണ് വിഷ്ണു ജയില്‍ അധികൃതരോട് പറഞ്ഞത്. അതേസമയം, ഇയാളുടെ മൊഴി പൂര്‍ണമായും വിശ്വാസത്തിലെടുത്തിട്ടില്ലെന്ന് ജയില്‍ സൂപ്രണ്ട് പ്രതികരിച്ചു. സംഭവത്തില്‍ മറ്റ് തടവുകാര്‍ക്ക് പങ്കുണ്ടോ എന്നതില്‍ സംശയമുണ്ടെന്നും തടവുകാര്‍ തമ്മിലുള്ള പ്രശ്‌നങ്ങളാണോ കാരണമെന്നും അന്വേഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

ബിന്ദ് ജില്ലയിലെ ഉംറി സ്വദേശിയായ വിഷ്ണു സിങ് കൊലപാതക കേസില്‍ ശിക്ഷിക്കപ്പെട്ടാണ് ഗ്വാളിയോര്‍ സെന്‍ട്രല്‍ ജയിലില്‍ എത്തുന്നത്. 2018 മുതല്‍ ഇയാള്‍ ഇവിടെ തടവ് ശിക്ഷ അനുഭവിച്ചുവരികയാണ്. 

Content Highlights: prisoner chop off his penis in gwalior central prison