മൊഹാലി: ഗര്‍ഭഛിദ്രം നടത്താന്‍ വിസമ്മതിച്ച യുവതിയെ അടിച്ചുകൊന്ന സംഭവത്തില്‍ കാമുകന്‍ അറസ്റ്റില്‍. കൊല്ലപ്പെട്ട യുവതിയുടെ ഭര്‍ത്താവിന്റെ സുഹൃത്താണ് അറസ്റ്റിലായത്‌.

ബിഹാര്‍ സ്വദേശിയും ലെഹ്ലിയില്‍ താമസക്കാരനുമായ സുനില്‍കുമാറിനെ(33)യാണ് മൊഹാലി പോലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. ഒക്ടോബര്‍ 16 ചൊവ്വാഴ്ചയാണ് ബിഹാര്‍ സ്വദേശിനിയായ റാണിദേവി(26)യെ സുനില്‍കുമാര്‍ കൊലപ്പെടുത്തിയത്. 

സുനില്‍കുമാറിന്റെ സുഹൃത്തും സഹപ്രവര്‍ത്തകനുമായ വിജയ്കുമാറിന്റെ ഭാര്യയാണ് കൊല്ലപ്പെട്ട റാണിദേവി. മൊഹാലിയിലെ കമ്പനിയില്‍ ജോലിചെയ്യുന്ന ഇരുവരും ഒരേസ്ഥലത്താണ് താമസം. ഇതിനിടെ റാണിദേവിയും സുനില്‍കുമാറും തമ്മില്‍ അടുപ്പത്തിലാവുകയും പലതവണ ശാരീരികബന്ധത്തിലേര്‍പ്പെടുകയും ചെയ്തു. യുവതി ഗര്‍ഭിണിയായതോടെ സുനില്‍കുമാര്‍ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചു. എന്നാല്‍ റാണിദേവി ഇതിനുവിസമ്മതിച്ചു. ഇതോടെയാണ് സുഹൃത്തിന്റെ ഭാര്യയായ കാമുകിയെ കൊലപ്പെടുത്താന്‍ തീരുമാനിച്ചത്. 

ഒക്ടോബര്‍ 16ന് റാണിദേവിയെ ലെഹ്ലി റോഡിലേക്ക് വിളിച്ചുവരുത്തിയ പ്രതി ഇവിടെവച്ചാണ് കൃത്യം നടത്തിയത്. കല്ലുകൊണ്ട് മാരകമായി മുറിവേല്‍പ്പിക്കുകയും മുഖം വികൃതമാക്കുകയും ചെയ്തശഷം യുവതിയെ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. റോഡരികില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ യുവതിയെ പിന്നീട് പോലീസാണ് ആശുപത്രിയില്‍ എത്തിച്ചത്. ചികിത്സയിലിരിക്കെ അന്ന് രാത്രിതന്നെ മരണപ്പെട്ടു.

മുഖം വികൃതമായ നിലയിലായതിനാല്‍ മരിച്ചയാളെ തിരിച്ചറിയാതെ പോലീസും കുഴങ്ങി. മണിക്കൂറുകള്‍നീണ്ട അന്വേഷണത്തിനൊടുവിലാണ് ബിഹാര്‍ സ്വദേശിനിയാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് കണ്ടെത്തിയത്. ഇതിനുപിന്നാലെ സുനില്‍കുമാറിനെയും പോലീസ് പിടികൂടുകയായിരുന്നു.