വണ്ടൻമേട് (ഇടുക്കി): രക്തസ്രാവത്തെത്തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഗർഭിണി മരിച്ചു. പുറ്റടിയിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. കട്ടപ്പന സുവർണഗിരി കരോടൻ ജോജിന്റെ ഭാര്യ ജിജിയാണ് (30) മരിച്ചത്.നാലുമാസം ഗർഭിണിയായിരുന്നു.

ജിജിയെ രക്തസ്രാവത്തെത്തുടർന്ന് വെള്ളിയാഴ്ച പുലർച്ചെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കോവിഡ് നിയന്ത്രണത്തെത്തുടർന്ന് ബന്ധുക്കളെ കയറ്റിയില്ല. രാവിലെ 11 മണിയോടെ സ്ഥലത്തെത്തിയ വണ്ടൻമേട് പോലീസ്, ജിജി മരിച്ചതായി ബന്ധുക്കളെ അറിയിക്കുകയായിരുന്നു.

ചികിത്സയിലുണ്ടായ പിഴവാണ് മരണകാരണമെന്നുകാട്ടി ബന്ധുക്കളും നാട്ടുകാരും ആശുപത്രിക്കുപുറത്ത് ബഹളമുണ്ടാക്കി. തുടർന്ന്, ആശുപത്രിക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വണ്ടൻമേട് പോലീസിൽ പരാതി നൽകി. എന്നാൽ, അധികജോലിഭാരമാണ് യുവതിക്ക് രക്തസ്രാവമുണ്ടാകാൻ കാരണമെന്നും, പുലർച്ചെയെത്തിച്ച ഇവരെ സ്കാൻ ചെയ്തപ്പോൾ ഗർഭസ്ഥശിശു മരിച്ച നിലയിലായിരുന്നെന്നും ആശുപത്രി അധികൃതർ പറഞ്ഞു. യുവതിക്ക് അടിയന്തര വൈദ്യസഹായം ലഭ്യമാക്കിയെന്നും അവർ വ്യക്തമാക്കി. ബന്ധുക്കളുടെ പരാതിയിൽ ആശുപത്രിക്കെതിരേ വണ്ടൻമേട് പോലീസ് കേസെടുത്തു.

Content Highlights:pregnant woman dies in vandanmedu allegations against hospital