ചെന്നൈ: സ്ത്രീധനപീഡനത്തെത്തുടര്‍ന്ന് ഗര്‍ഭിണി തീകൊളുത്തി ജീവനൊടുക്കി. സംഭവത്തില്‍ ഭര്‍ത്താവും ഭര്‍തൃപിതാവും അറസ്റ്റിലായി. തഞ്ചാവൂര്‍ ജില്ലയിലെ മേലവസ്ഥചാവടിയിലുള്ള ചന്ദ്രശേഖരന്റെ മകള്‍ ഉദയയാണ് ജീവനൊടുക്കിയത്. സംഭവത്തില്‍ ഭര്‍ത്താവ് മുത്തുകുമാറും ഇയാളുടെ പിതാവ് മനോഹറും അറസ്റ്റിലായി.

ആറുവര്‍ഷം മുമ്പായിരുന്നു മുത്തുകുമാറിന്റെയും ഉദയയുടെയും വിവാഹം. ഇവര്‍ക്ക് അഞ്ചുവയസ്സുള്ള മകനുണ്ട്. വിവാഹത്തിനുശേഷം പലതവണ സ്ത്രീധനം ആവശ്യപ്പെട്ട് മുത്തുകുമാറും കുടുംബവും ഉദയയെ മാനസികമായും ശാരീരികമായും പിഡീപ്പിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

വിദേശത്തായിരുന്ന മുത്തുകുമാര്‍ അവിടെയുള്ള ജോലി അവസാനിപ്പിച്ച് ജനുവരിയിലാണ് തിരികെ നാട്ടിലെത്തിയത്. ഇയാള്‍ വിദേശത്തായിരുന്നപ്പോള്‍ കുടുംബാംഗങ്ങള്‍ സ്ത്രീധനം ആവശ്യപ്പെട്ട് പ്രശ്‌നങ്ങളുണ്ടാക്കിയിരുന്നു. ഇതിന്റെപേരില്‍ രണ്ട് തവണ ഉദയ സ്വന്തംവീട്ടിലേക്ക് പോയിരുന്നു. ഇരുവരുടെയും കുടുംബാംഗങ്ങള്‍ തമ്മില്‍ ആലോചന നടത്തിയതിനെത്തുടര്‍ന്നാണ് ആദ്യത്തെ പ്രാവശ്യം ഉദയയെ തിരികെ മുത്തുകുമാറിന്റെ വീട്ടിലേക്ക് കൊണ്ടുപോയത്. പീഡനം ആവര്‍ത്തിച്ചതോടെ രണ്ടാമതും സ്വന്തംവീട്ടിലേക്ക് പോയ ഉദയയെ ജനുവരിയില്‍ മുത്തുകുമാര്‍ വിളിച്ചുകൊണ്ടുവരുകയായിരുന്നു.

ഏഴുമാസം ഗര്‍ഭിണിയായിരുന്ന ഉദയയെ വീണ്ടും മുത്തുകുമാറും കുടുംബവും സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിക്കുകയായിരുന്നു. ഉദയ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നതെങ്കിലും സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം.

ഉദയയുടെ പിതാവിന്റെ പരാതിയെത്തുടര്‍ന്ന് കേസെടുത്ത തഞ്ചാവൂര്‍ തമിഴ് സര്‍വകലാശാല പോലീസ് മുത്തുകുമാറിനെയും പിതാവിനെയും അറസ്റ്റുചെയ്യുകയായിരുന്നു. മുത്തുകുമാറിന്റെ സഹോദരന്‍ നന്ദകുമാറിനെയും ചോദ്യം ചെയ്തു.