തൃശ്ശൂര്‍: പാമ്പാടി നെഹ്രു കോളേജില്‍ ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തിയ ജിഷ്ണു പ്രണോയിയുടെ മുഖത്തെ മുറിവുകള്‍ മരിക്കുന്നതിന് മുമ്പുള്ളവയാണെന്ന് മൃതദേഹപരിശോധനാ റിപ്പോര്‍ട്ടില്‍ സ്ഥിരീകരിച്ചു.

മൂക്കിന്റെ പാലത്തിലും വലതുഭാഗത്തുമായി ചെറിയ മുറിവുണ്ടായിരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. മേല്‍ച്ചുണ്ടിന്റെ ഇടതുവശത്തും കീഴ്ചുണ്ടിന്റെ ഇടതുവശത്തും മുറിവുകളുണ്ട്. കഴുത്തിന്റെ മുന്‍വശത്തും വശങ്ങളിലും പോറലേറ്റ പാടുകളുണ്ട്. 24 സെ.മീ. നീളത്തില്‍ ചരിഞ്ഞ പാടുള്ളത് വലതു താടിയെല്ലിന്റെ ആറു സെന്റിമീറ്റര്‍ താഴെയാണ്.

താടിക്ക് അഞ്ചു സെ.മീ. താഴെയും ഇടതു താടിയെല്ലിന്റെ ഒരു സെ.മീ. താഴെയുമാണ് മറ്റു മുറിവുകള്‍. മറ്റു പരിക്കുകളെക്കുറിച്ച് പരാമര്‍ശമില്ല. ഡോ. ജെറി കെ. ജോസഫാണ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.