ഓയൂര്‍(കൊല്ലം) : അഞ്ചാം ക്ലാസിലെ ഓണ്‍ലൈന്‍ പഠന ക്ലാസ് ഗ്രൂപ്പില്‍ സ്‌കൂള്‍ അധ്യാപകന്‍ അശ്ലീല വീഡിയോ ഇട്ടതായി പരാതി. സ്‌കൂള്‍ അധികൃതരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അധ്യാപകന്‍ മരുതമണ്‍പള്ളി സ്വദേശി മനോജ് കെ.മാത്യുവിനെ (45) അറസ്റ്റ് ചെയ്തു. സംഭവം വിവാദമായതോടെ ബി.ജെ.പി., കെ.എസ്.യു. പ്രവര്‍ത്തകര്‍ ഉപരോധസമരം നടത്തി.

ഓയൂര്‍ ചുങ്കത്തറ വെളിനല്ലൂര്‍ ഇ.ഇ.ടി.യു.പി.സ്‌കൂളിലെ അഞ്ചാം ക്ലാസ് ഓണ്‍ലൈന്‍ പഠനഗ്രൂപ്പിലാണ് സ്‌കൂളിലെതന്നെ അധ്യാപകന്‍ ഇട്ട അശ്ലീല വീഡിയോ കണ്ടത്. ചൊവ്വാഴ്ച രാവിലെ 11 മണിയോടായിരുന്നു സംഭവം. കുട്ടികള്‍ വീട്ടില്‍ രക്ഷാകര്‍ത്താക്കള്‍ക്കൊപ്പം മലയാളം പഠന ക്ലാസില്‍ പങ്കെടുക്കുകയായിരുന്നു. രക്ഷിതാക്കള്‍ ഉടന്‍ സ്‌കൂള്‍ പ്രഥമാധ്യാപികയെ വിവരമറിയിച്ചു. തുടര്‍ന്ന് പ്രഥമാധ്യാപിക ബന്ധപ്പെട്ട അധ്യാപകനെ വിളിക്കുകയും വിശദീകരണം ആവശ്യപ്പെടുകയായിരുന്നു.

തന്റെ ഫോണില്‍നിന്നാണ് വീഡിയോ വന്നതെന്നും എന്നാല്‍ താനല്ല ഇത് ചെയ്തതെന്നുംം അധ്യാപകന്‍ വിശദീകരണം നല്‍കി. തന്റെ സുഹൃത്ത് താനറിയാതെ ഫോണ്‍ ഉപയോഗിച്ചപ്പോള്‍ അറിയാതെ ഗ്രൂപ്പിലേക്ക് വീഡിയോ ഫോര്‍വേഡ് ആയതാണെന്നും സംഭവത്തില്‍ ക്ഷമ ചോദിക്കുന്നെന്നും അധ്യാപകന്‍ വിശദീകരണം നല്‍കിയതായി പ്രഥമാധ്യാപിക പറഞ്ഞു.

സംഭവം വിവാദമായതോടെ സ്‌കൂളില്‍ അധ്യാപകയോഗം വിളിച്ചു. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ വെളിയം എ.ഇ.ഒ.യ്ക്കും സ്‌കൂള്‍ മാനേജര്‍ക്കും റിപ്പോര്‍ട്ട് നല്‍കി. പൂയപ്പള്ളി പോലീസില്‍ പരാതിയും നല്‍കി.

ബി.ജെ.പി. വെളിനല്ലൂര്‍ പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തില്‍ സ്‌കൂള്‍ പ്രഥമാധ്യാപികയെ ഓഫീസില്‍ ഉപരോധിച്ചു. ഉചിതമായ നടപടി കൈക്കൊള്ളുമെന്ന് അധികൃതര്‍ അറിയിച്ചതോടെ സമരക്കാര്‍ പിരിഞ്ഞുപോയി. അധ്യാപകനെതിരേ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു. വെളിനല്ലൂര്‍ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വെളിയം എ.ഇ.ഒ. ഓഫീസ് ഉപരോധിച്ചു.

Content Highlights: porn video in online class group, teacher arrested in oyoor kollam