മുംബൈ: നീലച്ചിത്ര നിര്‍മാണവുമായി ബന്ധപ്പെട്ട കേസില്‍ വ്യവസായി രാജ് കുന്ദ്രയെ ജൂലായ് 23 വരെ പോലീസ് കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. മുംബൈയിലെ കോടതിയാണ് പ്രതിയെ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തത്. രാജ് കുന്ദ്രയ്‌ക്കൊപ്പം അറസ്റ്റിലായ റയാന്‍ തോര്‍പ്പിനെയും 23 വരെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്. 

കഴിഞ്ഞദിവസം രാത്രിയാണ് നടി ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവും വ്യവസായിയുമായ രാജ് കുന്ദ്രയെ മുംബൈ പോലീസിന്റെ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്. മുംബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന നീലച്ചിത്ര നിര്‍മാണ റാക്കറ്റില്‍ കുന്ദ്രയ്ക്കും ബന്ധമുണ്ടെന്ന് കണ്ടെത്തിയതിന് പിന്നാലെയായിരുന്നു അറസ്റ്റ്. കുന്ദ്രയുടെ മൊബൈല്‍ ഫോണുകളും മറ്റ് ഡിജിറ്റല്‍ ഉപകരണങ്ങളും പോലീസ് പിടിച്ചെടുക്കുകയും ചെയ്തു. 

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരവും ഐ.ടി. ആക്ട് പ്രകാരവുമാണ് കുന്ദ്രയ്‌ക്കെതിരേ കേസെടുത്തിരിക്കുന്നത്. ചൊവ്വാഴ്ച ഉച്ചയോടെ കോടതിയില്‍ ഹാജരാക്കിയ കുന്ദ്രയെ പരമാവധി ദിവസം കസ്റ്റഡിയില്‍ വേണമെന്നാണ് പോലീസ് ആവശ്യപ്പെട്ടത്. നീലച്ചിത്രങ്ങള്‍ നിര്‍മിച്ച് വില്‍പന നടത്തിയതിലൂടെ കുന്ദ്ര വന്‍ സാമ്പത്തിക നേട്ടമുണ്ടാക്കിയതായും പോലീസ് കോടതിയെ അറിയിച്ചു. പ്രതിയുടെ മൊബൈല്‍ ഫോണില്‍നിന്ന് കുറ്റംചെയ്‌തെന്ന് തെളിയിക്കുന്ന തെളിവുകള്‍ കിട്ടിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. നീലച്ചിത്ര ബിസിനസ് ഇടപാടുകളെ സംബന്ധിച്ചുള്ള വിവരങ്ങള്‍ ലഭിച്ചതായും ഇതേക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്താന്‍ പ്രതിയെ കസ്റ്റഡിയില്‍ വേണമെന്നും പോലീസ് അറിയിച്ചു. ഈ വാദങ്ങളെല്ലാം കേട്ട ശേഷമാണ് ജൂലായ് 23 വരെ പ്രതിയെ പോലീസ് കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്യുന്നതായി കോടതി ഉത്തരവിട്ടത്. 

Content Highlights: porn film racket raj kundra remanded in police custody till july 23