മുംബൈ: നീലച്ചിത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രാജ് കുന്ദ്രയുടെ പോലീസ് കസ്റ്റഡി ജൂലായ് 27 വരെ നീട്ടി. കുന്ദ്രയ്‌ക്കൊപ്പം അറസ്റ്റിലായ ബിസിനസ് പങ്കാളി റയാന്‍ തോര്‍പ്പിന്റെ കസ്റ്റഡിയും 27 വരെ നീട്ടിയിട്ടുണ്ട്. കുന്ദ്രയെ ഏഴ് ദിവസത്തേക്കാണ് പോലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടതെങ്കിലും കോടതി നാല് ദിവസത്തെ കസ്റ്റഡി അനുവദിക്കുകയായിരുന്നു. 

വെള്ളിയാഴ്ച ഉച്ചയോടെയാണ് രാജ്കുന്ദ്രയെ മുംബൈയിലെ കോടതിയില്‍ ഹാജരാക്കിയത്. കേസിന്റെ വിശദമായ അന്വേഷണത്തിന് കുന്ദ്രയെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നും ഇദ്ദേഹത്തെ വിശദമായി ചോദ്യം ചെയ്യണമെന്നും മുംബൈ പോലീസ് കോടതിയെ അറിയിച്ചു. നീലച്ചിത്ര നിര്‍മാണത്തില്‍നിന്നുള്ള വരുമാനത്തെക്കുറിച്ച് ചോദ്യം ചെയ്യേണ്ടതുണ്ട്. മാത്രമല്ല, നീലച്ചിത്ര നിര്‍മാണത്തിലൂടെ ലഭിച്ച പണം പ്രതി ഓണ്‍ലൈന്‍ ചൂതാട്ടത്തിന് വിനിയോഗിച്ചതായും പോലീസ് കോടതിയില്‍ പറഞ്ഞു. ഇതെല്ലാം അംഗീകരിച്ചാണ് കോടതി കുന്ദ്രയുടെ കസ്റ്റഡി കാലാവധി നീട്ടിയത്. 

അതിനിടെ, നീലച്ചിത്ര നിര്‍മാണവുമായി ബന്ധപ്പെട്ട കേസില്‍ രാജ് കുന്ദ്രയുടെ ഭാര്യയും നടിയുമായ ശില്‍പ ഷെട്ടിയെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടില്ലെന്നും മുംബൈ പോലീസ് വ്യക്തമാക്കി. ശില്‍പ ഷെട്ടിയോട് ഹാജരാകാന്‍ ആവശ്യപ്പെട്ടുവെന്ന അഭ്യൂഹങ്ങള്‍ പോലീസ് സംഘം നിഷേധിച്ചു. എന്നാല്‍, കസ്റ്റഡിയിലുള്ള രാജ് കുന്ദ്ര പോലീസിന്റെ ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ലെന്നാണ് വിവിധ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. 

താന്‍ നീലച്ചിത്രങ്ങള്‍ നിര്‍മിച്ചിട്ടില്ലെന്നാണ് രാജ് കുന്ദ്ര അന്വേഷണ ഉദ്യോഗസ്ഥരോട് ആവര്‍ത്തിച്ചുപറയുന്നതെന്ന് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു. താന്‍ ഒരിക്കലും നീലച്ചിത്രങ്ങള്‍ നിര്‍മിച്ചിട്ടില്ല, അത് കാമകലയാണെന്നാണ്‌(erotica) കുന്ദ്ര വാദിക്കുന്നതെന്നും ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു. 

നീലച്ചിത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് ജൂലായ് 19-നാണ് രാജ് കുന്ദ്രയെ മുംബൈ പോലീസിന്റെ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്. നീലച്ചിത്ര നിര്‍മാണ റാക്കറ്റിന്റെ മുഖ്യസൂത്രധാരന്‍ കുന്ദ്രയാണെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. നീലച്ചിത്ര നിര്‍മാണത്തിലൂടെ ഇയാള്‍ കോടികള്‍ സമ്പാദിച്ചിരുന്നതായും പോലീസ് പറഞ്ഞിരുന്നു. 

Content Highlights: porn film racket case raj kundra custody extended till july 27