കോന്നി /പത്തനംതിട്ട: 2000 കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയ കേസിൽ പോപ്പുലർ ഫിനാൻസ് ഉടമകളായ അഞ്ചുപേരും ജയിലിലായി. കഴിഞ്ഞ ദിവസം അറസ്റ്റിലായ കേസിലെ അഞ്ചാം പ്രതി ഡോ.റിയ ആൻ തോമസിനെ പത്തനംതിട്ട കോടതി ഒക്ടോബർ ഒന്നുവരെ റിമാൻഡ് ചെയ്തു. ഇവരെ അട്ടക്കുളങ്ങര വനിതാ ജയിലിലേക്ക് മാറ്റി.

ഭർത്താവിന്റെ നിലമ്പൂരിലെ വീട്ടിൽനിന്ന് കോന്നി ഇൻസ്പെക്ടർ പി.എസ്.രാജേഷും സംഘവുമാണ് വ്യാഴാഴ്ച രാത്രി ഇവരെ അറസ്റ്റ് ചെയ്തത്. ഒരു വാഹനവും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ആദ്യം രജിസ്റ്റർ ചെയ്ത കേസിൽ, ഇവർ നൽകിയ മുൻകൂർ ജാമ്യ ഹർജി തള്ളിയ ഹൈക്കോടതി അറസ്റ്റ് മൂന്ന് ആഴ്ചത്തേക്ക് തടഞ്ഞിരുന്നു. ഇതിനിടെയാണ്, പോലീസ് മറ്റൊരു കേസിൽ പ്രതിചേർത്ത് പിടികൂടിയത്.

ലിമിറ്റഡ് ലയബിലിറ്റി പാർട്ണർഷിപ്പ് ആയി രൂപവത്‌കരിച്ച മൂന്ന് കമ്പനികളുടെയും സാൻ പോപ്പുലർ ഫിനാൻസിന്റെയും ഡയറക്ടറാണ് പിടിയിലായ ഡോ. റിയ ആൻ തോമസ്. ആറുവർഷമായി തുടർന്നുവന്ന സാമ്പത്തികത്തട്ടിപ്പ് ഗൂഢാലോചനയിൽ ഇവർക്ക് തുല്യപങ്കാണുള്ളതെന്ന് ജില്ലാപോലീസ് മേധാവി കെ.ജി. സൈമൺ പറഞ്ഞു.

ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ഫിനാൻസ് ഉടമ തോമസ് ദാനിയേൽ, ഭാര്യ പ്രഭ, മറ്റ് മക്കളായ റിനു, റീബ എന്നിവരെ മറ്റൊരു വഞ്ചനാക്കേസിൽ ചൊവ്വാഴ്ച വീണ്ടും പോലീസ് കസ്റ്റഡിയിൽ കിട്ടും. ഇതിനുള്ള കോടതി അനുമതി കിട്ടിയിട്ടുണ്ട്. വിവിധ പോലീസ് സ്റ്റേഷനുകളിലായി കൂടുതൽ കേസുകളും രജിസ്റ്റർ ചെയ്തു. പത്തനംതിട്ട കൺസ്യൂമർ കമ്മിഷനിലും തോമസ് ദാനിയേലിനെതിരേ കേസെടുത്തു. വാഴമുട്ടം സ്വദേശിനിയുടെ പരാതിയിന്മേലാണ് നടപടി.

Content Highlights:popular finance fraud case all family members in jail