കോന്നി/പത്തനംതിട്ട: 2000 കോടിയുടെ പോപ്പുലർ ഫിനാൻസ് നിക്ഷേപതട്ടിപ്പിൽ കൂടുതൽ പേർ പ്രതികളാകും. തട്ടിപ്പിന്റെ ആസൂത്രണത്തിൽ ഉടമകളുടെ ബന്ധുക്കളടക്കം കൂടുതൽ പേർക്ക് പങ്കുണ്ടെന്നാണ് സൂചന. ഉടമകളുടെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പോലീസിന് കിട്ടി. തിരുവനന്തപുരം, കൊച്ചി, തൃശ്ശൂർ എന്നിവിടങ്ങളിലായി നിരവധി ആഡംബര ഫ്ളാറ്റുകൾ ഇവർക്കുണ്ട്.

കൊച്ചിയിൽ ആഡംബര വില്ലയും സ്വന്തമായുണ്ട്. ഫ്ളാറ്റുകളിൽ ചിലത് തോമസ് ഡാനിയേലിന്റെ പേരിലും മറ്റ് ചിലത് മക്കളുടെ പേരിലുമാണ്. നാല് വർഷത്തിനിടെ മൂന്ന് ആഡംബര കാറുകളാണ് ഉടമകൾ സ്വന്തമാക്കിയത്. രണ്ട് ബെൻസ് കാറുകളും ഒരു ഓഡിയും ഇവർക്കുണ്ട്.

കാറുകളിൽ മറ്റൊന്ന് ഡ്രൈവറുടെ പേരിലേക്ക് മാറ്റിയതായി കണ്ടെത്തി. തട്ടിപ്പ് നടത്തിയ പോപ്പുലർ ഫിനാൻസ് ഉടമകളിൽ നാലാം പ്രതിയെന്ന് പോലീസ് പറയുന്ന വനിതാ ഡോക്ടറുടെ അറസ്റ്റും താമസിയാതെ ഉണ്ടായേക്കും. മാനേജിങ് ഡയറക്ടർ തോമസ് ഡാനിയേലിന്റെ മകളും നാലാം പ്രതിയുമായ ഡോ. റിയ തോമസ് സർക്കാർ സർവീസിൽ ജോലി ചെയ്യുന്നതായിട്ടാണ് പോലീസ് പറയുന്നത്. പോപ്പുലർ ഫിനാൻസിന്റെ ഡയറക്ടർമാരിൽ ഒരാളാണ് പിടികിട്ടാനുള്ള റിയ തോമസ്.

എൽ.എൽ.പി. (ലിമിറ്റഡ് ലയബിലിറ്റി പാർട്ട്ണർഷിപ്പ്) സർട്ടിഫിക്കറ്റ് നൽകിയാണ് തുകകൾ സ്വീകരിച്ചിരുന്നത്. 21 എൽ.എൽ.പി. സ്ഥാപനങ്ങളാണ് പോപ്പുലറിന് ഉണ്ടായിരുന്നത്.

പണം ശേഖരിച്ച് രാജ്യം വിടുക എന്നതായിരുന്നു ഉടമകളുടെ ലക്ഷ്യമെന്ന് അന്വേഷണസംഘത്തിന് ബോദ്ധ്യപ്പെട്ടു. പോലീസ് അന്വേഷണം പുരോഗമിക്കുമ്പോഴും നിക്ഷേപകർക്ക് അവരുടെ തുക തിരിച്ചുകിട്ടുന്നത് സംബന്ധിച്ച് യാതൊരു നടപടികളും ആയിട്ടില്ല. ഓസ്ട്രേലിയയിലേക്ക് പണം കടത്തിയെന്ന് തെളിഞ്ഞതോടെ കേന്ദ്ര ഏജൻസികളുടെ ഇടപെടലും ഇക്കാര്യത്തിൽ വേണ്ടിവരും.

Content Highlights:popular finance fraud case