പൂന്തുറ: പൂന്തുറയില്‍ ഞായറാഴ്ച രാവിലെ യുവതിയെ വീട്ടില്‍ക്കയറി ആക്രമിച്ച സംഭവത്തില്‍ അയല്‍വാസി പിടിയില്‍. മണക്കാട് എന്‍.എസ്.മന്‍സിലില്‍ സുധീറിനെ(37) ആണ് പൂന്തുറ പോലീസ് അറസ്റ്റു ചെയ്തത്. രണ്ടാം പ്രതി നൗഷാദിനായി അന്വേഷണം തുടരുകയാണെന്ന് പോലീസ് പറഞ്ഞു.

മണക്കാട് സ്വദേശിനി ആമിനയെയാണ് സുധീറും നൗഷാദും ചേര്‍ന്ന് മര്‍ദിച്ചത്. മര്‍ദനത്തിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു.

ആമിനയുടെ വീടിന്റെ താഴത്തെനിലയില്‍ വാടകയ്ക്കുപ്രവര്‍ത്തിച്ചിരുന്ന ഫര്‍ണിച്ചര്‍ കടയിലെ ജീവനക്കാര്‍ വീട്ടുമുറ്റത്തുനിന്ന് സെല്‍ഫിയെടുക്കുന്നതിനെച്ചൊല്ലിയുള്ള വാക്കുതര്‍ക്കമാണ് ഞായറാഴ്ച രാവിലെ അക്രമത്തിലെത്തിയത്. ഗേറ്റ് തള്ളിത്തുറന്ന് കയറിയ യുവാക്കളിലൊരാള്‍ വീട്ടുമുറ്റത്ത് നില്‍ക്കുകയായിരുന്ന ആമിനയെ തള്ളി തറയിലിടുകയും വലിച്ചിഴയ്ക്കുകയും മതിലിനോടു ചേര്‍ത്തുനിര്‍ത്തി മര്‍ദിക്കുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

പൂന്തുറ ഇന്‍സ്പെക്ടര്‍ ബി.എസ്.സജികുമാര്‍, എസ്.ഐ.വിമല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്.