തൃശ്ശൂർ: കൂർക്കഞ്ചേരി സഹകരണബാങ്കിൽ മുക്കുപണ്ടം പണയംവെച്ച് രണ്ടുലക്ഷം രൂപ തട്ടിയ പൂമ്പാറ്റ സിനിയെയും കൂട്ടാളികളെയും ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം പള്ളുരുത്തി തണ്ടാശ്ശേരിവീട്ടിൽ ശ്രീജ (പൂമ്പാറ്റ സിനി-50), കണിമംഗലം തച്ചറവീട്ടിൽ സുമൻ (44), തൊടുപുഴ മണക്കാട് നടുകുടിയിൽ അനൂപ് (37) എന്നിവരാണ് അറസ്റ്റിലായത്.

സുമൻ വളകൾ പണയംവെച്ച് രണ്ടുലക്ഷം രൂപ വാങ്ങിയിരുന്നു. സംശയം തോന്നിയ ബാങ്കുകാർ പിന്നീട് ശാസ്ത്രീയമായി പരിശോധിച്ചപ്പോഴാണ് മുക്കുപണ്ടമാണെന്ന് അറിഞ്ഞത്. ബാങ്ക് അധികൃതർ നിയമനടപടിക്കൊരുങ്ങവേയാണ് അനൂപുമൊത്ത് സിനി സുമൻ പണയംവെച്ച സ്വർണം തിരിച്ചെടുക്കാനായി വന്നത്. ബാങ്ക് അധികൃതർ ഉടൻതന്നെ ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ വിവരമറിയിച്ചു. ഉടൻതന്നെ മൂന്നുപേരെയും ഈസ്റ്റ് എസ്.െഎ. സിനോജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു.

പൂമ്പാറ്റ സിനി എന്നു വിളിക്കുന്ന സിനി നിരവധി തട്ടിപ്പ്, വഞ്ചനക്കേസുകളിൽ പ്രതിയാണ്. ഒല്ലൂർ സ്റ്റേഷനിൽ രണ്ട് കേസുകളും ഈസ്റ്റ്, പുതുക്കാട്, വെസ്റ്റ് എന്നീ സ്റ്റേഷനുകളിൽ ഓരോ കേസും സിനിയുടെ പേരിൽ നിലവിലുണ്ട്.