മഞ്ചേരി: പൂക്കോട്ടൂര്‍ മൈലാടിയില്‍ ക്വാറി തൊഴിലാളിയെ കൊലപ്പെടുത്തി ഒളിവില്‍പ്പോയ പ്രതി 27 വര്‍ഷത്തിനുശേഷം പിടിയിലായി. തൊടുപുഴ പിണക്കാട് സെബാസ്റ്റ്യനെ (കുട്ടിയച്ചന്‍-81)യാണ് മഞ്ചേരി പോലീസ് അറസ്റ്റ്ചെയ്തത്. മംഗലാപുരത്തുനിന്നാണ് പ്രത്യേക അന്വേഷണസംഘം ഇയാളെ പിടികൂടികൂടിയത്. മണ്ണാര്‍ക്കാട് പാറക്കല്‍ മുരളി(28)യെയാണ് കുത്തിക്കൊലപ്പെടുത്തിയത്.

1991-ലാണ് കേസിനാസ്പദമായ സംഭവം. മൈലാടിയിലെ ക്വാറിയിലെ തൊഴിലാളികളായിരുന്നു ഇരുവരും. മുരളിയാണ് സെബാസ്റ്റ്യനെ ഇവിടെ ജോലിയില്‍ കയറാന്‍ സഹായിച്ചത്. എന്നാല്‍ സാമ്പത്തിക ഇടപാടിനെച്ചൊല്ലി പിന്നീട് തര്‍ക്കമുണ്ടാകുകയും പാറ പൊട്ടിക്കാന്‍ ഉപയോഗിക്കുന്ന ഉളി ഉപയോഗിച്ച് നെഞ്ചിനുകുത്തി കൊലപ്പെടുത്തുകയുമായിരുന്നു.

കൊലപാതകത്തിനുശേഷം ഓടിരക്ഷപ്പെട്ട ഇയാള്‍ കോഴിക്കോട്ടെത്തി പിന്നീട് മംഗലാപുരത്തേക്ക് പോയി. അവിടെ പലപേരുകളില്‍ വിവിധ ജോലികള്‍ചെയ്തു കഴിയുകയായിരുന്നു. പ്രതിയെ പിടികൂടാന്‍ നിരവധിതവണ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചിരുന്നു. എന്നാല്‍ ഫലമുണ്ടായില്ല. 30 വര്‍ഷമായി കുടുംബവുമായി അകന്നുനില്‍ക്കുന്നതിനാല്‍ വീട്ടുകാര്‍ക്കും അറിവുണ്ടായിരുന്നില്ല. അടുത്തിടെ മദ്യപിച്ച് ബഹളമുണ്ടാക്കിയപ്പോള്‍ താമസിച്ചിരുന്ന വീടൊഴിയാന്‍ ഉടമസ്ഥന്‍ ആവശ്യപ്പെട്ടു. ഇതിന്റെ വിരോധത്തില്‍ ക്വാറിയില്‍ ഉപയോഗിക്കുന്ന വെടിമരുന്നും തിരകളും ഉപയോഗിച്ച് ബോംബുണ്ടാക്കി വീട്ടിലേക്ക് എറിഞ്ഞു. ഇതില്‍ വീട്ടുകാര്‍ക്ക് പരിക്കേറ്റു. മംഗലാപുരം പോലീസ് കേസെടുത്ത് അന്വേഷണം നടത്തുമ്പോഴാണ് പൂക്കോട്ടൂരിലെ കൊലക്കേസും പുറത്തുവന്നത്.