കോഴിക്കോട്: പോലൂര്‍ പയിമ്പ്രയില്‍ പുരുഷന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മരിച്ചത് മലയാളി തന്നെയാണെന്ന് അന്വേഷണ സംഘത്തലവന്‍ ഐ.ജി ജയരാജ്. മരിച്ചയാളുടെ മൃതദേഹാവശിഷ്ടങ്ങള്‍ക്കായി തിരച്ചില്‍ നടക്കുന്നതിനിടെ  മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ക്രെംബ്രാഞ്ച് ഐ.ജി എ.ജെ ജയരാജ്. 

പ്രതികളെന്ന് സംശയിക്കുന്നവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവര്‍ നിരീക്ഷണത്തിലാണെന്നും അദ്ദേഹം പറഞ്ഞു. മൃതദേഹം പുറത്തെടുത്ത് ഫേഷ്യല്‍ റീ കണ്‍സ്ട്രക്ഷനിലൂടെ ആളെതിരിച്ചറിയാനാണ് ശ്രമം. മൃതദേഹം കുഴിമാടത്തില്‍ നിന്നും പുറത്തെടുത്ത് ആളെ തിരിച്ചറിയാനുള്ള ശ്രമം വെസ്റ്റ്ഹില്‍ പൊതുശ്മശാനത്തില്‍ തുടരുകയാണ്. മണിക്കൂറുകള്‍ നീണ്ട തിരിച്ചില്‍ നടത്തിയിട്ടും ഇതുവരെ മരിച്ചയാളുടെ മൃതദേഹം കണ്ടെത്താനായിട്ടില്ല. 

മൂന്ന് വര്‍ഷം മുമ്പ് 2017 സെപ്തംബറിലായിരുന്നു സംഭവം. പറമ്പില്‍ ബസാര്‍ പോലൂര്‍ പയിമ്പ്ര റോഡിലെ ചെറുവറ്റ സായി ബാബ ആശ്രമത്തിന് സമീപത്തെ പറമ്പിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ആദ്യ അന്വേഷണത്തില്‍ പുരോഗതിയില്ലാത്തതിനാല്‍ ഇക്കഴിഞ്ഞ ജനുവരി 25 ന് പുതിയ അന്വേഷണ സംഘം കേസ് ഏറ്റെടുക്കുകയായിരുന്നു. 

മുക്കം ഇരട്ടക്കൊല അന്വേഷിച്ച ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി ബിനോയിയുടെ നേതൃത്വത്തിലാണ് അന്വേഷണം. മുക്കം ഇരട്ടക്കൊലയുമായി കേസിന് എന്തെങ്കിലും ബന്ധമുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. കഴുത്തില്‍ കയര്‍ മുറുക്കി കൊലപ്പെടുത്തിയ ശേഷം മണ്ണെണ്ണയൊഴിച്ച് കത്തിച്ച നിലയിലായിരുന്നു മൃതദേഹം. സംസ്ഥാനത്ത് ആദ്യമായാണ് മൃതദേഹം പുറത്തെടുത്ത് ഫേഷ്യല്‍ റീ കണ്‍സ്ട്രക്ഷനിലൂടെ ആളെ തിരിച്ചറിയാന്‍ ശ്രമിക്കുന്നത്. തലയോട്ടി കണ്ടെത്തിയ ശേഷം പ്രത്യക സാങ്കേതിക വിദ്യയിലൂടെ മുഖം പുനര്‍ നിര്‍മിക്കാനാണ് പദ്ധതി.

Content Highlights: Polur Murder, the victim may be Malayalee says, investigation Officer