ചെന്നൈ: കോളിളക്കം സൃഷ്ടിച്ച പൊള്ളാച്ചി പീഡനക്കേസില്‍ എ.ഐ.എ.ഡി.എം.കെ. നേതാവ് ഉള്‍പ്പെടെ മൂന്നുപേരെക്കൂടി സി.ബി.ഐ. അറസ്റ്റ് ചെയ്തു. എ.ഐ.എ.ഡി.എം.കെ. വിദ്യാര്‍ഥി വിഭാഗം പൊള്ളാച്ചി ടൗണ്‍ സെക്രട്ടറി കെ. അരുളാനന്ദം (34), പൊള്ളാച്ചി സ്വദേശികളായ ഹെരോണ്‍ പോള്‍ (29), പി. ബാബു (27) എന്നിവരാണ് പിടിയിലായത്. കോയമ്പത്തൂര്‍ മഹിളാ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ ഈമാസം 20 വരെ റിമാന്‍ഡ് ചെയ്തു. അറസ്റ്റിന് പിന്നാലെ അരുളാനന്ദത്തെ എ.ഐ.എ.ഡി.എം.കെയില്‍നിന്ന് പുറത്താക്കി.

കേസില്‍ പൊള്ളാച്ചി സ്വദേശികളായ കെ. തിരുനാവക്കരശ് (28), എന്‍. റിഷ്വന്ത് എന്ന ശബരീരാജന്‍ (26), എം. സതീഷ് (30), ടി. വസന്ത്കുമാര്‍ (25), ആര്‍. മണിവണ്ണന്‍ (31) എന്നിവര്‍ നേരത്തേ അറസ്റ്റിലായിരുന്നു. 2019 ഫെബ്രുവരിയില്‍ ഒരുസംഘം തന്നെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന് പൊള്ളാച്ചി സ്വദേശിയായ കോളേജ് വിദ്യാര്‍ഥിനി (19) നല്‍കിയ പരാതിയാണ് കേസിനടിസ്ഥാനം. ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറഞ്ഞിരുന്നു.

അന്വേഷണത്തില്‍ പ്രതികള്‍ നൂറോളം സ്ത്രീകളെ ഇത്തരത്തില്‍ ഇരകളാക്കി പണം തട്ടിയിട്ടുണ്ടെന്ന് കണ്ടെത്തി. ഇതിന്റെ ചില വീഡിയോകളും പുറത്തായി.

ആദ്യം കോയമ്പത്തൂര്‍ ജില്ലാ പോലീസും പിന്നീട് സംസ്ഥാനസര്‍ക്കാരിന് കീഴിലുള്ള സി.ബി.സി.ഐ.ഡി.യും കേസ് അന്വേഷിച്ചു. എന്നാല്‍ ഇതിനിടെ പരാതിക്കാരിയുടെ സഹോദരനുനേരേ ആക്രമണമുണ്ടായി. ഉന്നതബന്ധങ്ങളുള്ള പ്രതികളെ സംരക്ഷിക്കാന്‍ ശ്രമം നടക്കുന്നതായും ആക്ഷേപമുണ്ടായി. സംസ്ഥാനവ്യാപകമായി പ്രതിഷേധം ശക്തമായതോടെയാണ് സര്‍ക്കാര്‍ കേസ് സി.ബി.ഐയ്ക്ക് കൈമാറിയത്.

2019 മേയില്‍ അഞ്ചു പ്രതികള്‍ക്കെതിരേ സി.ബി.ഐ. കുറ്റപത്രം കൊടുത്തു. കേസില്‍ നേരത്തേ അറസ്റ്റിലായ പ്രതികളുടെ ശബ്ദസാംപിള്‍ പരിശോധിക്കുന്നതിന് കഴിഞ്ഞമാസമാണ് കോടതി സി.ബി.ഐ.യ്ക്ക് അനുമതി നല്‍കിയത്. പുറത്തായ വീഡിയോകളിലേത് പ്രതികളുടെ ശബ്ദം തന്നെയാണോയെന്ന് ഉറപ്പിക്കുന്നതിനായിരുന്നു പരിശോധന.

വെട്ടിലായത് ഭരണകക്ഷി

കോയമ്പത്തൂര്‍: പൊള്ളാച്ചി പീഡന പരമ്പര കേസില്‍ പ്രതികളുടെ പൊടുന്നനെയുള്ള അറസ്റ്റ് വെട്ടിലാക്കിയത് ഭരണകക്ഷിയായ എ.ഐ.എ.ഡി.എം.കെ.യെ. മുമ്പ് പിടിയിലായ അഞ്ച് പ്രതികളും പാര്‍ട്ടി അനുഭാവികളെന്നു പറഞ്ഞ് തടിയൂരാമെങ്കിലും ഇത്തവണ പാര്‍ട്ടി പദവികള്‍ വഹിക്കുന്നവരും മന്ത്രിതലത്തില്‍വരെ സ്വാധീനം ഉള്ളവരുമാണ് കുടുങ്ങിയത്.

പിടിയിലായ അരുളാനന്ദം എ.ഐ.എ.ഡി.എം.കെ. വിദ്യാര്‍ഥി യൂണിയന്‍ പൊള്ളാച്ചി ടൗണ്‍ സെക്രട്ടറിയാണ്. മറ്റുള്ള രണ്ടുപേരും പാര്‍ട്ടിപ്രവര്‍ത്തകരും. പിടിയിലായ ഉടന്‍ ഇവരെ പാര്‍ട്ടിയില്‍നിന്ന് ആജീവനാന്തം പുറത്താക്കിയതായി മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും ഒപ്പിട്ട കത്തില്‍ക്കൂടി പാര്‍ട്ടിയുടെ നയം വ്യക്തമാക്കി.

2019 ഫെബ്രുവരിയിലാണ് 19-കാരി ആദ്യമായി പോലീസില്‍ പരാതി നല്‍കിയത്. അന്വേഷണം ഒരാഴ്ച പിന്നിട്ടപ്പോഴേക്കും മുന്നൂറോളം യുവതികളുടെ ചിത്രങ്ങളും വീഡിയോകളും ആദ്യം അറസ്റ്റിലായ പ്രതികളില്‍നിന്ന് ലഭിച്ചു. ഭരണകക്ഷിയില്‍പ്പെട്ട യുവാക്കളുടെ സംഘമാണ് ഇതിന് പിന്നിലെന്ന് ആരോപിച്ച് പ്രതിപക്ഷം പ്രക്ഷോഭമാരംഭിച്ചതോടെ ഗത്യന്തരമില്ലാതെ സി.ബി.സി.ഐ.ഡി.ക്കും മാര്‍ച്ചില്‍ സി.ബി.ഐ.ക്കും സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. 2019-ല്‍ തന്നെ സി.ബി.ഐ. അഞ്ചുപേരുടെ അറസ്റ്റ് ഉറപ്പാക്കി കുറ്റപത്രം സമര്‍പ്പിച്ചു. എന്നാല്‍, രണ്ടുവര്‍ഷം പിന്നിടുമ്പോള്‍ തിരഞ്ഞെടുപ്പ് അടുക്കാറായപ്പോഴാണ് ഭരണകക്ഷിക്ക് പാര്‍ട്ടി പ്രവര്‍ത്തകരുടെ അറസ്റ്റ് തലവേദനയാകുന്നത്. അന്‍പതോളം യുവതികള്‍ ഇവരുടെ വലയില്‍ അകപ്പെട്ടതായി വീഡിയോ ദൃശ്യങ്ങളില്‍ ഉണ്ടെങ്കിലും ഒരാള്‍ മാത്രമാണ് ആദ്യഘട്ടത്തില്‍ പരാതിയുമായി എത്തിയത്. രണ്ടു വര്‍ഷങ്ങള്‍ക്കുശേഷം മൂന്ന് യുവതികളില്‍ നിന്നുകൂടി രഹസ്യമൊഴി രേഖപ്പെടുത്തിയതോടെ സി.ബി.ഐ. മറ്റ് മൂന്നുപേരെ കൂടി വലയിലാക്കുകയായിരുന്നു.

ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പൊള്ളാച്ചി പീഡനക്കേസ് പ്രധാന വിഷയമായി പ്രതിപക്ഷം ഏറ്റെടുത്തിരുന്നു. എ.ഐ.എ.ഡി.എം.കെ.യുടെ കോട്ടയായിരുന്ന പൊള്ളാച്ചി ഭരണകക്ഷിക്ക് നഷ്ടപ്പെട്ടു. വര്‍ഷങ്ങളായി എ.ഐ.എ.ഡി.എം.കെ. ജയിച്ചുവന്നിരുന്നതും നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ പൊള്ളാച്ചി വി. ജയരാമന്‍ പ്രാതിനിധ്യം ചെയ്യുന്നതുമായ മണ്ഡലത്തില്‍ പാര്‍ട്ടി വലിയ വെല്ലുവിളിയാണ് നേരിടുന്നത്.

കുറ്റക്കാരെ സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി

ചെന്നൈ: എ.ഐ.എ.ഡി.എം.കെ. കുറ്റക്കാരെ സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമി പറഞ്ഞു. പൊള്ളാച്ചി പീഡനക്കേസില്‍ എ.ഐ.എ.ഡി.എം.കെ. വിദ്യാര്‍ഥിവിഭാഗം നേതാവിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

അതേസമയം, സി.ബി.ഐ. സംഘം അറസ്റ്റുചെയ്ത വിദ്യാര്‍ഥി വിഭാഗം പൊള്ളാച്ചി സെക്രട്ടറിയായ കെ. അരുളാനന്ദത്തെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി. പ്രാഥമികാംഗത്വം ഉള്‍പ്പെടെ പാര്‍ട്ടിയിലുണ്ടായിരുന്ന എല്ലാ സ്ഥാനങ്ങളില്‍നിന്നും ഇയാളെ നീക്കുന്നതായി പാര്‍ട്ടി കോ-ഓര്‍ഡിനേറ്റര്‍ ഒ. പനീര്‍ശെല്‍വം, സഹ കോ-ഓര്‍ഡിനേറ്റര്‍ എടപ്പാടി കെ. പളനിസ്വാമി എന്നിവര്‍ സംയുക്തപ്രസ്താവനയില്‍ അറിയിച്ചു. പാര്‍ട്ടിയുടെ സല്‍പ്പേരിന് കളങ്കം സൃഷ്ടിച്ച ഇയാളുമായി പ്രവര്‍ത്തകര്‍ ബന്ധം പുലര്‍ത്തരുതെന്ന് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Content Highlights: pollachi rape case three accused arrested by cbi