തിരുവനന്തപുരം: കോടതിമുറിക്കുള്ളില്‍ നിന്ന് പോലീസുകാരന്റെ മൊബൈല്‍ ഫോണ്‍ കള്ളന്‍ അതിവിദഗ്ദ്ധമായി കവര്‍ന്നു കൊണ്ട് പോയി.

അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് വിവീജ രവീന്ദ്രന്‍ കേസുകള്‍ പരിഗണിക്കുന്നതിനിടെയാണ് സംഭവം. കോടതി മുറിയില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പേട്ട പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ വി.ജി.ഷൈനിന്റെ 18000 രൂപ വിലയുള്ള ഫോണാണ് മോഷ്ടാവ് കവര്‍ന്നത്.

പെറ്റിക്കേസുകളുടെ ഫയല്‍ എടുക്കാന്‍ കോടതി ഓഫീസിലേക്ക് പോയി മടങ്ങി വന്നപ്പോളാണ് ഫോണ്‍ മോഷണംപോയ വിവരം ഷൈന്‍ അറിയുന്നത്. കോവിഡ് നിയന്ത്രണങ്ങള്‍ക്ക് ശേഷം പ്രതികളെ കോടതിക്കുള്ളില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കിയിട്ട് ദിവസങ്ങളേ ആയിട്ടുള്ളൂ.

കവര്‍ന്ന ഉടന്‍ മോഷ്ടാവ് സ്വിച്ച് ഓഫ് ചെയ്തതിനാൽ ഫോണ്‍ കണ്ടെത്താനുള്ള പോലീസ് ഉദ്യോഗസ്ഥന്റെ ശ്രമവും വിഫലമായി. കോടതി ഡ്യൂട്ടിയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ കഴിയാതിരുന്നതിനാല്‍ ഫോണ്‍ നഷ്ടപ്പെട്ട വിവരം പോലീസില്‍ അറിയിക്കാനും ഉദ്യോഗസ്ഥന് കഴിഞ്ഞില്ല.