rahulഅങ്കമാലി: പുത്തന്‍കുരിശ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ മുളന്തുരുത്തി സ്വദേശി രാഹുലിനെ (32) മൂക്കന്നൂരിലെ ഒരു ലോഡ്ജില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12-ഓടെയാണ് മരിച്ചനിലയില്‍ കണ്ടത്. രാഹുലിന് സാമ്പത്തികബാദ്ധ്യത ഉണ്ടായിരുന്നുവെന്നും ഇതാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നും പോലീസ് പറഞ്ഞു.

മുളന്തുരുത്തി ഇലഞ്ഞിക്കരയില്‍ വാസുവിന്റെയും കുമാരിയുടെയും മകനാണ് രാഹുല്‍. വ്യാഴാഴ്ച വൈകീട്ടാണ് മൂക്കന്നൂരിലെത്തി ലോഡ്ജില്‍ മുറിയെടുത്തത്. കേസന്വേഷണത്തിന്റെ ഭാഗമായി എത്തിയതാണെന്നാണ് ലോഡ്ജില്‍ പറഞ്ഞിരുന്നത്. രാഹുലിനെ വ്യാഴാഴ്ച മുതല്‍ കാണാനില്ലെന്ന് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. 

പോലീസ് മൊബൈല്‍ ലൊക്കേഷന്‍ പരിശോധിച്ചപ്പോള്‍ രാഹുല്‍ മൂക്കന്നൂരിലാണുള്ളതെന്ന് കണ്ടെത്തി. അന്വേഷണത്തില്‍ ലോഡ്ജില്‍ മുറിയെടുത്തിട്ടുള്ളതായി മനസ്സിലാക്കി. പോലീസ് എത്തി പരിശോധിച്ചപ്പോള്‍ മുറി അകത്തുനിന്ന് പൂട്ടിയിരിക്കുകയായിരുന്നു.

പോലീസും ലോഡ്ജ് അധികൃതരും ചേര്‍ന്ന് വാതില്‍ പൊളിച്ച് അകത്തു കടക്കുകയായിരുന്നു. ബുധനാഴ്ച ജോലികഴിഞ്ഞ് ഇറങ്ങിയതാണ് രാഹുല്‍. വ്യാഴാഴ്ച ഡ്യൂട്ടി ഉണ്ടായിരുന്നില്ല. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. ഭാര്യ: പാലയ്ക്കാമറ്റം സ്വദേശിനി നീതു (നഴ്സ്, ഇസ്രയേല്‍). മകന്‍: നീരജ്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)

Content Highlights: Policeman Found Dead In Lodge Room at Angamali