വിയ്യൂര്‍: തുണിക്കടയില്‍ വസ്ത്രം വാങ്ങാനെത്തിയ യുവാവിനെ പോലീസുകാരന്‍ കടയില്‍ക്കയറി കത്തിവീശി പരിക്കേല്‍പ്പിച്ചു. മുളങ്കുന്നത്തുകാവ് പൂമല മാങ്ങാപറമ്പില്‍ ജീവ(30)നാണ് പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് ചാവക്കാട് പോലീസ് സ്റ്റേഷനിലെ സി.പി.ഒ. ഗുരുവായൂര്‍ പേരകം സ്വദേശി പ്രചോദി(30)ന്റെ പേരില്‍ വിയ്യൂര്‍ പോലീസ് കേസെടുത്തു. വ്യക്തിവൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്നറിയുന്നു.

വ്യാഴാഴ്ച വൈകീട്ട് കോവിലകത്തുംപാടത്തെ തുണിക്കടയിലാണ് സംഭവം. വിയ്യൂരില്‍ വര്‍ക്ക്‌ഷോപ്പ് നടത്തുന്ന ജീവന്‍ തുണിക്കടയിലെത്തിയപ്പോള്‍ കത്തിയുമായി പ്രചോദ് ഇവിടേക്ക് ഓടിക്കയറി. ജീവനുനേരെ ഇയാള്‍ പാഞ്ഞുചെല്ലുകയായിരുന്നു. തുടര്‍ന്ന് ഇരുവരും തമ്മില്‍ മല്‍പ്പിടിത്തമുണ്ടായി. ഇതിനിടെ പ്രചോദ് കത്തി വീശിയപ്പോള്‍ ജീവന്റെ ഇടതുകൈയില്‍ മുറിവേറ്റു. തുടര്‍ന്ന് തൃശ്ശൂര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സതേടി.

അരമണിക്കൂറോളം തുണിക്കടയില്‍ ഭീകരാന്തരീക്ഷമായിരുന്നു. കടയുടെ ചില്ലുകളും ആക്രമണത്തില്‍ നശിച്ചു. പോലീസെത്തിയാണ് പ്രചോദിനെ കീഴ്പ്പെടുത്തിയത്.