കൊച്ചി: മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സൈജു തങ്കച്ചനൊപ്പം ലഹരി പാര്‍ട്ടിയില്‍ പങ്കെടുത്തവരെ ഉടന്‍ കസ്റ്റഡിയിലെടുക്കും. സിറ്റി പോലീസ് കമ്മിഷണര്‍ നാഗരാജുവാണ് ഇക്കാര്യം അറിയിച്ചത്. പാര്‍ട്ടിയില്‍ പങ്കെടുത്ത യുവതികളുള്‍പ്പെടെ 17പേര്‍ക്കെതിരേ കേസെടുത്തതായും കമ്മിഷണര്‍ വ്യക്തമാക്കി. 

സൈജുവിന്റെ മൊബൈല്‍ ഫോണ്‍ ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം ലഹരി പാര്‍ട്ടി നടന്ന ഫ്‌ളാറ്റുകള്‍ കേന്ദ്രീകരിച്ച് പോലീസ് പരിശോധന നടത്തി.സൈജു തങ്കച്ചനൊപ്പം വിവിധ ജില്ലകളില്‍ ലഹരി പാര്‍ട്ടികളില്‍ പങ്കെടുത്ത ഏഴ് യുവതികള്‍ ഉള്‍പ്പെടെ 17 പേര്‍ക്കെതിരെയാണ് കേസെടുത്തത്. 

മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനിടെയാണ് ലഹരി ഇടപാടുകള്‍ സംബന്ധിച്ച് ദൃശ്യങ്ങളും ഫോണ്‍ സംഭാഷണങ്ങളും പോലീസിന് ലഭിച്ചത്. ഇത് കൂടാതെ ലഹരി ഉപയോഗം സംബന്ധിച്ച കൂടുതല്‍ തെളിവുകളും പോലീസിന് ലഭിച്ചതായി കമ്മിഷണര്‍ പറഞ്ഞു. യുവതികള്‍ ഉള്‍പ്പെടെ എല്ലാവരേയും ഉടന്‍ കസ്റ്റഡിയിലെടുക്കും. 

സൈജുവിനെതിരെ വിവിധ ജില്ലകളിലായി ഒന്‍പത് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.സൈജുവിന്റെ  ഫോണിലെ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്‍ഫോപാര്‍ക്കിന് സമീപമുള്ള മൂന്ന് ഫ്‌ളാറ്റുകളിലാണ് ഡോഗ് സ്‌ക്വാഡ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ച് പരിശോധന നടത്തിയത്. 

ഇതിലൊന്ന് സൈജുവിന്റെ ഫ്‌ളാറ്റാണ്. ഒന്നാം ലോക്ഡൗണിന് ശേഷമാണ് ഫ്‌ളാറ്റുകള്‍ കേന്ദ്രീകരിച്ച് ലഹരി പാര്‍ട്ടികള്‍ ആരംഭിച്ചത്. കാട്ടുപോത്തിനെ വെടിവെച്ച് കൊന്ന കേസില്‍ വനം വകുപ്പും സൈജുവിനെതിരേ കേസെടുത്തേക്കുമെന്നാണ് വിവരം.

Content Highlights: police to take 17 accused including 7 women who participated in rave party with saiju