ന്യൂഡൽഹി: ഓക്സിജൻ ക്ഷാമം രൂക്ഷമായിരിക്കെ ഡൽഹിയിലെ വീട്ടിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന 48 ഓക്സിജൻ സിലിണ്ടറുകൾ പോലീസ് പിടിച്ചെടുത്തു. അനിൽകുമാർ എന്നയാളുടെ വീട്ടിൽനിന്നാണ് 32 വലിയ സിലിണ്ടറുകളും 16 ചെറിയ സിലിണ്ടറുകളും പോലീസ് പിടിച്ചെടുത്തത്. അനിൽകുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു.

താൻ ഓക്സിജൻ സിലിണ്ടർ വ്യാപാരിയാണെന്നാണ് ഇയാൾ പോലീസിനോട് പറഞ്ഞത്. എന്നാൽ ഇതുമായി ബന്ധപ്പെട്ട ലൈസൻസോ മറ്റോ ഇയാൾക്ക് ഹാജരാക്കാൻ കഴിഞ്ഞില്ലെന്ന് പോലീസ് പറഞ്ഞു.

ചെറിയ സിലിണ്ടറിന് 12500 രൂപ ഈടാക്കിയാണ് ഇയാൾ ഓക്സിജൻ സിലിണ്ടറുകൾ വിൽപന നടത്തിയിരുന്നത്. പിടിച്ചെടുത്ത സിലിണ്ടറുകൾ കോടതി ഉത്തരവ് ലഭിക്കുന്ന മുറയ്ക്ക് ശനിയാഴ്ച തന്നെ ആവശ്യക്കാർക്ക് വിതരണം ചെയ്യുമെന്ന് പോലീസ് അറിയിച്ചു.

Content Highlights:police seized oxygen cylinders from a home in delhi