എടപ്പാള്‍: സ്‌കൂള്‍പരിസരങ്ങളില്‍ ചങ്ങരംകുളം പോലീസ് നടത്തിയ പരിശോധനയില്‍ 50 ബൈക്കുകള്‍ കസ്റ്റഡിയിലെടുത്തു. ലൈസന്‍സില്ലാതെയും മൂന്നു പേരെ വെച്ചും ഓടിച്ച ബൈക്കുകളാണ് കസ്റ്റഡിയിലെടുത്തത്. സ്‌കൂള്‍തുറന്നതോടെ പൂവാലന്‍മാര്‍, മയക്കുമരുന്ന്, നിരോധിത പുകയില ഉത്പന്ന വില്‍പ്പനക്കാര്‍ എന്നിവര്‍ സ്‌കൂള്‍പരിസരങ്ങള്‍ കേന്ദ്രീകരിച്ച് സജീവമായിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകളെത്തുടര്‍ന്നായിരുന്നു പരിശോധന.

ലൈസന്‍സില്ലാത്ത നിരവധി വിദ്യാര്‍ഥികള്‍ ബൈക്കുമായി സ്‌കൂളിലെത്തുന്നതായി പരിശോധനയില്‍ കണ്ടെത്തി. ബൈക്കുകളിലെത്തിയ കുട്ടികളുടെ രക്ഷിതാക്കളെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയാണ് നടപടിയെടുക്കുകയെന്ന് ഇന്‍സ്‌പെക്ടര്‍ ബഷീര്‍ ചിറയ്ക്കല്‍ അറിയിച്ചു.

ലൈസന്‍സും ഇന്‍ഷുറന്‍സടക്കമുള്ള രേഖകളുമില്ലാതെ കുട്ടികള്‍ക്ക് ബൈക്ക് കൊടുക്കുന്ന രക്ഷിതാക്കള്‍ക്കെതിരേ കേസെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.