ലഖ്‌നൗ:  ഉത്തര്‍പ്രദേശിലെ പിലിഭിത്തില്‍ സഹോദരിമാരെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്. കേസില്‍ പെണ്‍കുട്ടികളുടെ അമ്മയെയും ഇളയ സഹോദരനെയും പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവം ദുരഭിമാനക്കൊലയാണെന്നാണ് പോലീസിന്റെ വിശദീകരണം. 

അതേസമയം, പോലീസിനെതിരേ ഗുരുതര ആരോപണവുമായി പെണ്‍കുട്ടികളുടെ കുടുംബം രംഗത്തെത്തി. കൊലക്കുറ്റം സമ്മതിക്കാന്‍ പോലീസ് തങ്ങളെ നിര്‍ബന്ധിച്ചെന്നാണ് കുടുംബാംഗങ്ങളുടെ ആരോപണം. 'എങ്ങനെയാണ് അവര്‍ മരിച്ചതെന്നാണ് പോലീസ് ചോദിച്ചത്. ഞാനോ അവരുടെ അമ്മയോ എന്തായാലും സംഭവസ്ഥലത്തുണ്ടാകുമെന്നും പോലീസ് പറഞ്ഞു. അമ്മ ഒന്നും കണ്ടിട്ടില്ലെന്ന് ഞാന്‍ മറുപടി നല്‍കി. അവരെ കാണാതായത് മുതല്‍ അമ്മ തിരച്ചിലിലായിരുന്നു. എന്നാല്‍ എന്റെ ഭര്‍ത്താവും അമ്മയും ചേര്‍ന്ന് പെണ്‍കുട്ടികളെ കൊലപ്പെടുത്തിയെന്നാണ് പോലീസ് പറയുന്നത്. ഇത് ഞാന്‍ നിഷേധിച്ചപ്പോള്‍ വനിതാ പോലീസ് എന്നെ മര്‍ദിച്ചു'- പെണ്‍കുട്ടികളുടെ സഹോദരന്റെ ഭാര്യ മാധ്യമങ്ങളോട് പറഞ്ഞു. 

അതിനിടെ, കുടുംബത്തിന്റെ ആരോപണം തീര്‍ത്തും തെറ്റാണെന്നാണ് പോലീസ് ഉദ്യോഗസ്ഥരുടെ പ്രതികരണം. സംഭവം ദുരഭിമാനക്കൊലയാണെന്നും അതിനുള്ള തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും പിലിഭിത്ത് എസ്.പി. ജയ്പ്രകാശ് യാദവ് പറഞ്ഞു. ഇളയ സഹോദരി തൂങ്ങിമരിച്ചെന്നും മൂത്ത സഹോദരി ശ്വാസംമുട്ടി മരിച്ചെന്നുമാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

കുടുംബം എതിര്‍ത്തിട്ടും പെണ്‍കുട്ടികള്‍ കാമുകന്മാരുമായി ബന്ധം തുടര്‍ന്നതാണ് ഇരട്ടക്കൊലയിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ വിശദീകരണം. വിവാഹം ഉറപ്പിച്ചിട്ടും ഇരുവരും കാമുകന്മാരുമായുള്ള അടുപ്പം ഉപേക്ഷിച്ചില്ല. ഒരു പെണ്‍കുട്ടിയുടെ കാമുകന്‍ ഇതരജാതിയില്‍പ്പെട്ട ആളായിരുന്നു. ഇത് സഹോദരന്മാരെ ചൊടിപ്പിച്ചു. അതിനാലാണ് കുടുംബാംഗങ്ങള്‍ തന്നെ പെണ്‍കുട്ടികളെ കൊലപ്പെടുത്തി മൃതദേഹങ്ങള്‍ ഉപേക്ഷിച്ചതെന്നും സംഭവത്തിന് ദൃക്‌സാക്ഷികളുണ്ടെന്നും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. 

മാര്‍ച്ച് 22-നാണ് സഹോദരിമാരായ 18 വയസ്സുകാരിയെയും 20 വയസ്സുകാരിയെയും മരിച്ചനിലയില്‍ കണ്ടെത്തിയത്. രാത്രി ഏഴ് മണിയോടെ വീട്ടില്‍നിന്നിറങ്ങിയ പെണ്‍കുട്ടികളെ കാണാതായെന്നും പിന്നീട് നടത്തിയ തിരച്ചിലില്‍ രാത്രി ഒമ്പത് മണിയോടെ ഒരാളെ റോഡരികില്‍ മരിച്ചനിലയില്‍ കണ്ടെത്തിയെന്നുമാണ് കുടുംബം പറയുന്നത്. ഇതിന് സമീപത്തുള്ള മരത്തില്‍ മറ്റൊരു പെണ്‍കുട്ടിയെ തൂങ്ങിമരിച്ചനിലയിലും കണ്ടെത്തി. സംഭവത്തില്‍ പിറ്റേദിവസമാണ് കുടുംബം പോലീസിന് പരാതി നല്‍കിയത്. അതിനിടെ, എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യുന്നത് വരെ മൃതദേഹം സംസ്‌കരിക്കരുതെന്ന് പോലീസ് ആവശ്യപ്പെട്ടതായും കുടുംബം ആരോപിച്ചിരുന്നു. തുടര്‍ന്ന് ബുധനാഴ്ച വൈകിട്ടോടെയാണ് ഇരുവരുടെയും മൃതദേഹം സംസ്‌കരിച്ചത്. എന്നാല്‍ സംസ്‌കാരചടങ്ങുകള്‍ വൈകിപ്പിച്ചെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും സമാധാനപരമായ അന്തരീക്ഷത്തിലാണ് ചടങ്ങുകള്‍ നടന്നതെന്നും പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

Content Highlights: police says uttar pradesh pilibhit sisters death in honor killing family against police