ചെന്നൈ: സീരിയൽ നടി ചിത്ര കാമരാജിന്റെ(വി.ജെ. ചിത്ര) മരണം ആത്മഹത്യയാണെന്ന് പോലീസ്. മരണത്തിൽ ദുരൂഹതകളില്ലെന്നും സംഭവം ആത്മഹത്യയാണെന്നാണ് പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടർമാർ അറിയിച്ചതെന്നും പോലീസ് പറഞ്ഞു. ചിത്രയുടെ മരണത്തിൽ ഭർത്താവ് ഹേമന്ദിനെതിരേ ബന്ധുക്കൾ ആരോപണമുന്നയിച്ചതിന് പിന്നാലെയായിരുന്നു പോലീസ് ഉദ്യോഗസ്ഥരുടെ പ്രതികരണം.

മകളുടെ മരണത്തിൽ സത്യസന്ധമായ അന്വേഷണം നടത്തണമെന്നും സത്യം പുറത്തുകൊണ്ടുവരണമെന്നും ചിത്രയുടെ മാതാവ് വിജയ കാമരാജ് നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഹേമന്ദ് മകളെ മർദിച്ച് കൊലപ്പെടുത്തിയതാണെന്നും ഇവർ ആരോപിച്ചിരുന്നു.

ചിത്രയുടെ മൃതദേഹം ചെന്നൈ കിൽപോക്ക് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം പൂർത്തിയാക്കിയ ശേഷം വ്യാഴാഴ്ച ഉച്ചയോടെ ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. രണ്ട് ഡോക്ടർമാരുടെയും മുതിർന്ന പോലീസ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലായിരുന്നു പോസ്റ്റുമോർട്ടം.

കഴിഞ്ഞ ദിവസമാണ് ചെന്നൈ നസ്രത്ത്പേട്ടിലെ ഹോട്ടൽ മുറിയിൽ ചിത്രയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഹേമന്ദിനൊപ്പമാണ് ചിത്ര ഹോട്ടലിൽ താമസിച്ചിരുന്നത്. മാസങ്ങൾക്ക് മുമ്പായിരുന്നു ഇവരുടെ വിവാഹനിശ്ചയം. അടുത്ത വർഷത്തേക്കാണ് ബന്ധുക്കൾ വിവാഹം നിശ്ചയിച്ചതെങ്കിലും ബന്ധുക്കൾ അറിയാതെ ഇരുവരും രജിസ്റ്റർ വിവാഹം നടത്തിയിരുന്നതായാണ് പോലീസ് നൽകുന്ന വിവരം.

അതിനിടെ, ചിത്രയുടെ മുഖത്തും കൈകളിലും ചില മുറിപ്പാടുകൾ കണ്ടെത്തിയിരുന്നു. ഇതു സംബന്ധിച്ചും നസ്രത്ത്പേട്ട് പോലീസ് അന്വേഷണം നടത്തുന്നുണ്ട്. ജീവനൊടുക്കുന്നതിന് മുമ്പ് ദമ്പതിമാർക്കിടയിൽ എന്തെങ്കിലും തർക്കങ്ങളുണ്ടായോ എന്നതും പരിശോധിക്കുന്നുണ്ട്. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളും ചിത്രയുടെ മൊബൈൽ ഫോണും പരിശോധനയ്ക്കായി പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സംഭവത്തിൽ ആർ.ഡി.ഒ. അന്വേഷണത്തിനും കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)

Content Highlights:police says no foul play in vj chithra death and the incident was a suicide