കൊച്ചി: യുവതിയെ ഫ്ളാറ്റിൽ പൂട്ടിയിട്ട് ക്രൂരമായി പീഡിപ്പിച്ച സംഭവത്തിൽ പ്രതിയെ പിടികൂടാത്തതിന് വിചിത്രമായ ന്യായീകരണവുമായി പോലീസ്. സംഭവത്തിൽ യുവതി പരാതി നൽകാൻ താമസിച്ചെന്നും ഇത് പ്രതിക്ക് രക്ഷപ്പെടാനുള്ള സാഹചര്യമൊരുക്കിയെന്നുമാണ് സിറ്റി പോലീസ് കമ്മീഷണർ സി.എച്ച്. നാഗരാജുവിന്റെ വാദം. പ്രതി ഒളിവിൽ പോയതോടെ ഇയാളെ കണ്ടുപിടിക്കൽ ദുഷ്കരമായെന്നും അതേസമയം, അന്വേഷണം ഊർജിതമായി തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

തൃശ്ശൂർ സ്വദേശിയായ മാർട്ടിൻ ജോസഫ് പുലിക്കോട്ടിൽ, ഒരു മാസത്തോളം യുവതിയെ ക്രൂരമായി പീഡിപ്പിച്ചതിന്റെ വാർത്ത കഴിഞ്ഞ ദിവസം മാതൃഭൂമി ന്യൂസാണ് ആദ്യം പുറത്തുവിട്ടത്. സംഭവത്തിൽ ഏപ്രിൽ എട്ടിനാണ് യുവതി എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ബലാത്സംഗം ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്ത് പോലീസ് കേസെടുത്തെങ്കിലും രണ്ടു മാസമായിട്ടും പ്രതിയെ പിടികൂടിയിരുന്നില്ല. ഒടുവിൽ കഴിഞ്ഞ ദിവസം മാതൃഭൂമി ന്യൂസ് ഈ വാർത്ത പുറത്തുവിട്ടതോടെയാണ് പോലീസ് വീണ്ടും അന്വേഷണം ഊർജിതമാക്കിയത്. മാർട്ടിൻ ജോസഫിനെ കണ്ടെത്താൻ ലുക്ക്ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിട്ടുണ്ട്.

പ്രതിയെക്കുറിച്ചുള്ള വിവരങ്ങളെല്ലാം ലഭിച്ചിട്ടുണ്ടെന്നാണ് സിറ്റി പോലീസ് കമ്മീഷണർ ചൊവ്വാഴ്ച മാധ്യമങ്ങളോട് പറഞ്ഞത്. യുവതിയുടെ ചിത്രങ്ങൾ കണ്ടപ്പോഴാണ് പരിക്ക് ഗുരുതരമാണെന്ന് മനസിലായതെന്നും ഇത് മർദനമേറ്റതിന്റെയോ പൊള്ളലേൽപ്പിച്ചതിന്റെയോ പാടുകളെല്ലെന്നും ഇതേക്കുറിച്ചും അന്വേഷണം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രതിയെ ഉടൻ പിടികൂടുമെന്നും സിറ്റി പോലീസ് കമ്മീഷണർ വ്യക്തമാക്കി.

ഫെബ്രുവരി 15 മുതൽ മാർച്ച് എട്ട് വരെയുള്ള കാലയളവിലാണ് കണ്ണൂർ സ്വദേശിനിയായ 27-കാരി പീഡനത്തിനിരയായത്. എറണാകുളത്ത് ജോലി ചെയ്യുമ്പോഴാണ് തൃശ്ശൂർ സ്വദേശിയും പ്രതിയുമായ മാർട്ടിൻ ജോസഫു(33)മായി യുവതി പരിചയത്തിലാകുന്നത്. പണം ഷെയർ മാർക്കറ്റിലിട്ട് ലാഭം കിട്ടിയ ശേഷം തിരികെ നൽകാമെന്ന് അറിയിച്ച് പ്രതി യുവതിയിൽ നിന്ന് അഞ്ച് ലക്ഷം രൂപയും വാങ്ങി. മാസം നാല്പതിനായിരം രൂപ വീതം തിരിച്ചു നൽകാമെന്നാണ് പറഞ്ഞിരുന്നത്, എന്നാൽ ഇതുണ്ടായില്ല.

പിന്നീട് പരിചയം മുതലാക്കി യുവതിയെ മറൈൻഡ്രൈവിലെ ഫ്ലാറ്റിലെത്തിച്ച് മാർട്ടിൻ ലൈംഗികമായി പീഡിപ്പിച്ചു വരികയായിരുന്നു. യുവതിയുടെ സ്വകാര്യദൃശ്യങ്ങൾ പകർത്തി. ഫ്ലാറ്റിനു പുറത്ത് പോകുകയോ പീഡന വിവരം പുറത്തു പറയുകയോ ചെയ്താൽ വീഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. കണ്ണിൽ മുളകുവെള്ളം ഒഴിക്കുക, ചൂടുവെള്ളം ദേഹത്ത് ഒഴിക്കുക, മൂത്രം കുടിപ്പിക്കുക, ബെൽറ്റ് കൊണ്ടും ചൂലുകൊണ്ടും അടിക്കുക, മുഖത്ത് മർദിക്കുക എന്നിങ്ങനെയായിരുന്നു പീഡനം.

ഒടുവിൽ മാർച്ച് എട്ടിന് മാർട്ടിൻ ഭക്ഷണം വാങ്ങാൻ പുറത്തുപോയപ്പോൾ യുവതി ഫ്ലാറ്റിൽനിന്ന് രക്ഷപ്പെടുകയായിരുന്നു. വീഡിയോ പുറത്തു വിടുമെന്ന് അറിയിച്ച് പ്രതി നിരന്തരം ഫോണിൽ ഭീഷണിപ്പെടുത്തിയതോടെ ഏപ്രിൽ എട്ടിന് എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. പ്രതിയുടെ ഉപദ്രവം ഭയന്ന് യുവതി മറ്റൊരിടത്ത് ഒളിവിൽ കഴിയുകയാണ്.

Content Highlights:police response about kochi woman rape case