മലയിന്‍കീഴ്: കടബാധ്യതയെത്തുടര്‍ന്ന് ആത്മഹത്യയ്ക്കു ശ്രമിച്ച നാലംഗ കുടുംബത്തെ രക്ഷിച്ചു. പോലീസിന്റെ സമയോചിതമായ ഇടപെടലില്‍ കുടുംബാംഗങ്ങളെ ആശുപത്രിയിലെത്തിച്ചു. ഗൃഹനാഥനും ഭാര്യയും രണ്ടു കുട്ടികളുമടങ്ങുന്ന കുടുംബമാണ് തിങ്കളാഴ്ച രാത്രി ആത്മഹത്യയ്ക്കു ശ്രമിച്ചത്.

ഇവര്‍ കടം വാങ്ങിയിരുന്ന 40,000 രൂപ തിരികെ കൊടുക്കാമെന്നു നേരത്തെ അറിയിച്ചതനുസരിച്ച് രാത്രി വീട്ടിലെത്തിയ ഓട്ടോ ഡ്രൈവറാണ് വീട്ടിലെ വിളക്കുകള്‍ അണച്ച നിലയില്‍ കണ്ടത്. സംശയം തോന്നി മലയിന്‍കീഴ് പോലീസിനെ വിവരമറിയിച്ചു. സംഭവമറിഞ്ഞയുടന്‍ പോലീസ് സ്ഥലത്തെത്തി.

വീട്ടിലെ പട്ടിയെ തുറന്നുവിട്ടിരുന്നതിനാല്‍ സമീപത്തെ മതിലിലൂടെ പോലീസ് വീടിന്റെ ടെറസിലിറങ്ങി വാതില്‍ തുറന്ന് അകത്തു കടന്നു.

ഈ സമയം ഒന്‍പതും പന്ത്രണ്ടും വയസ്സായ ആണ്‍കുട്ടികളും അച്ഛനും അമ്മയും വിഷം കഴിക്കുകയും തുടര്‍ന്ന് തൂങ്ങിമരിക്കുന്നതിനുള്ള തയ്യാറെടുപ്പിലുമായിരുന്നു. പോലീസ് ഇവരെ ഉടന്‍ ജീപ്പില്‍ കയറ്റി ആശുപത്രിയിലേക്കു പുറപ്പെട്ടെങ്കിലും വഴിയില്‍വച്ച് ആംബുലന്‍സെത്തിയപ്പോള്‍ അതിലേക്കു മാറ്റി മെഡിക്കല്‍ കോളേജിലെത്തിച്ചു.

നാലുപേരും അപകടനില തരണംചെയ്തു. മസ്‌കറ്റില്‍ ജോലി ചെയ്തിരുന്ന ഗൃഹനാഥന്‍ ലോക്ഡൗണിനു മുന്‍പ് നാട്ടിലെത്തിയതാണ്. പിന്നീട് തിരിച്ചുപോകാനായില്ല. ഇതിനിടയില്‍ ഭാര്യയുടെ ചികിത്സയ്ക്കും മറ്റുമായി ലക്ഷങ്ങളുടെ കടബാധ്യതയുണ്ടായതായി ബന്ധുക്കള്‍ പോലീസിനോടു പറഞ്ഞു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)