കിടങ്ങൂർ: വ്യാജ ആധാർ കാർഡുണ്ടാക്കി വിവിധ സ്ഥലങ്ങളിലെ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിൽ മുക്കുപണ്ടം പണയംവെച്ച് പണംതട്ടുന്ന സംഘത്തിലെ യുവാവിനെ പോലീസ് തിരയുന്നു. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: കോട്ടയം ടൗൺ സ്വദേശിയായ യുവാവ് കിടങ്ങൂരിലെ രണ്ട് സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിൽ ഒക്ടോബർ 22-ന് സ്വർണം പൂശിയ രണ്ട് വളകൾ പണയംവെച്ചു.

ഒരിടത്തുനിന്ന് 70,000 രൂപയും രണ്ടാമത്തെ സ്ഥാപനത്തിൽനിന്ന് 65,000 രൂപയുമാണ് വാങ്ങിയത്. രണ്ടിടത്തും ആധാർ കാർഡിന്റെ പകർപ്പ് ഹാജരാക്കിയിരുന്നു. 24-ന് ഏരുമേലിയിലെത്തിയ യുവാവ് അവിടെയുള്ള പണമിടപാട് സ്ഥാപനത്തിലും സമാനരീതിയിൽ ആധാർ കാർഡ് നൽകി രണ്ട് വളകൾവെച്ച് 90,000 രൂപ വാങ്ങിമടങ്ങി. പിന്നീട്, സംശയം തോന്നിയ സ്ഥാപന ഉടമ ഈ വളകൾ ഉരച്ചുനോക്കിയപ്പോഴാണ് മുക്കുപണ്ടമാണെന്നറിയുന്നത്. ഇതോടെ സ്വകാര്യ പണമിടപാടുകാരുടെ വാട്സാപ് ഗ്രൂപ്പിൽ സംഭവത്തെക്കുറിച്ച് അറിയിപ്പ് നൽകി. ഇതേത്തുടർന്ന് കിടങ്ങൂരിലെ പണമിടപാട് സ്ഥാപന ഉടമകൾ പണയ ഉരുപ്പടികൾ പരിശോധിച്ചു. അപ്പോഴാണ് പണയംവെച്ചിരുന്നത് മുക്കുപണ്ടമാണെന്ന് അറിയുന്നത്. കിടങ്ങൂരിലെ പണമിടപാട് സ്ഥാപന ഉടമകളുടെ പരാതിയിൽ പോലീസ് കേസെടുത്തു.

ഇതിനിടെ, തിങ്കളാഴ്ച രാവിലെ തൊടുപുഴയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെത്തിയ യുവാവ് അവിടെനിന്ന് സമാനരീതിയിൽ മുക്കുപണ്ടംവെച്ച് 65,000 രൂപ വാങ്ങി. ഉച്ചകഴിഞ്ഞ് ഇതേ സ്ഥാപനത്തിന്റെ തൊടുപുഴയിൽതന്നെയുള്ള മറ്റൊരുശാഖയിൽ പണയം വയ്ക്കാനെത്തി.

സംശയം തോന്നിയ ജീവനക്കാർ യുവാവിനെ പിടികൂടിയെങ്കിലും അവരെ തള്ളിമാറ്റി യുവാവ് ഓടി രക്ഷപ്പെട്ടു. എല്ലാ സ്ഥാപനങ്ങളിലും നൽകിയിരുന്ന ആധാർ കാർഡ് പകർപ്പിലെ ചിത്രം ഒരാളുടേത് തന്നെയായിരുന്നുവെങ്കിലും പേരും ആധാർ നമ്പരും വിലാസവും വ്യത്യസ്തമായിരുന്നു.

ആധാർ കാർഡും വ്യാജമായി നിർമിച്ചതാണെന്ന് കിടങ്ങൂർ പോലീസ് പറഞ്ഞു. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ കിടങ്ങൂർ പോലീസിനെ അറിയിക്കണമെന്നറിയിച്ച് ലുക്കൗട്ട് നോട്ടീസും ചിത്രവും പുറത്തുവിട്ടിട്ടുണ്ട്. കിടങ്ങൂർ പോലീസ് സ്റ്റേഷൻ: 04822 254195.

Content Highlights:police releases suspects photo in fraud case