ഇടുക്കി: പീരുമേട് എം.എല്‍.എ. ഇ.എസ്. ബിജിമോളുടെ ഭര്‍ത്താവിനെതിരേ വഞ്ചനാക്കുറ്റത്തിന് പോലീസ് കേസെടുത്തു. 2016-ല്‍ തിരഞ്ഞെടുപ്പ് ചെലവിലേക്കായി വാങ്ങിയ 15 ലക്ഷം രൂപ തിരികെ നല്‍കിയില്ലെന്ന പരാതിയിലാണ് കേസ്. കോടതി ഉത്തരവിനെ തുടര്‍ന്നാണ് പോലീസ് നടപടി. 

ഉപ്പുതറ കോതപാറ കപ്പാലുംമൂട്ടില്‍ കെ.എം. ജോണ്‍ ആണ് ബിജിമോളുടെ ഭര്‍ത്താവ് പി.കെ. റെജിക്കെതിരേ കോടതിയെ സമീപിച്ചത്. റെജിയുടെ ഏലപ്പാറയിലെ സ്ഥാപനത്തില്‍ ജീവനക്കാരായിരുന്നു ജോണും ഭാര്യയും. തിരഞ്ഞെടുപ്പ് പ്രചരണത്തിന് പണം ആവശ്യമായി വന്നതോടെ ജോണിന്റെ പേരിലുള്ള ഭൂമി റെജിയുടെ നിര്‍ദേശ പ്രകാരം ഏലപ്പാറ ഗ്രാമീണ ബാങ്കില്‍ പണയപ്പെടുത്തി. പണം ബാങ്കില്‍ തന്നെ നിക്ഷേപിച്ചു.  പിന്നീട് തന്റെ അറിവും സമ്മതവുമില്ലാതെ പി.കെ. റെജി വ്യാജ ഒപ്പിട്ട് പണം പിന്‍വലിച്ചതായാണ് ജോണിന്റെ പരാതി. പണം തിരികെനല്‍കാമെന്ന് ഉറപ്പുനല്‍കിയെങ്കിലും അതുണ്ടായില്ലെന്നും പരാതിയില്‍ പറയുന്നു. 

ബാങ്കില്‍നിന്ന് ജപ്തി നോട്ടീസ് ലഭിച്ചതിന് പിന്നാലെ ബിജിമോള്‍ എം.എല്‍.എ.യെ നേരിട്ടുകണ്ട് പരാതി അറിയിച്ചിരുന്നു. എന്നാല്‍ എം.എല്‍.എ. ഭീഷണിപ്പെടുത്തിയെന്നാണ് ജോണിന്റെ ആരോപണം. പാര്‍ട്ടിയിലെ ഉന്നതനേതൃത്വത്തിനും ജില്ലാ പോലീസ് മേധാവിക്കും പരാതി നല്‍കിയെങ്കിലും തുടര്‍നടപടികളുണ്ടായില്ല. ഇതേ തുടര്‍ന്നാണ് ജോണ്‍ പീരുമേട് കോടതിയെ സമീപിച്ചത്. 

Content Highlights: police registered cheating case against es bijimol mla's husband