തിരുവനന്തപുരം: മേയര്‍ ആര്യ രാജേന്ദ്രനെതിരേ അധിക്ഷേപകരമായ പരാമര്‍ശം നടത്തിയതിന് കെ. മുരളീധരന്‍ എം.പി.ക്കെതിരേ പോലീസ് കേസെടുത്തു. ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. 

നേരത്തെ കെ. മുരളീധരനെതിരേ മേയര്‍ തിരുവനന്തപുരം മ്യൂസിയം പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഇതിനുപിന്നാലെയാണ് കേസെടുത്തത്. 

മേയറുടെ പരാതിയില്‍ പോലീസ് നിയമോപദേശവും തേടിയിട്ടുണ്ട്. നിയമോപദേശം ലഭിച്ചതിന് ശേഷം കൂടുതല്‍ വകുപ്പുകള്‍ ചുമത്തണമോ എന്നകാര്യം പോലീസ് തീരുമാനിക്കും. 

കഴിഞ്ഞ ദിവസം കോര്‍പ്പറേഷനിലെ നികുതി വെട്ടിപ്പിനെതിരെ തിരുവനന്തപുരം ഡി.സി.സി. സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ സംസാരിക്കുകയായിരുന്നതിനിടെയാണ് കോണ്‍ഗ്രസ് നേതാവും എം.പി.യുമായ കെ. മുരളീധരന്‍ മേയര്‍ക്കെതിരേ വിവാദപരാമര്‍ശം നടത്തിയത്.  മേയര്‍ ആര്യ രാജേന്ദ്രനെ കാണാന്‍ ഭംഗിയൊക്കെയുണ്ടെങ്കിലും വായില്‍ നിന്ന് വരുന്നത് ഭരണിപ്പാട്ടിനെക്കാള്‍ ഭീകരമായ വാക്കുകളാണെന്നായിരുന്നു മുരളീധരന്റെ പരാമര്‍ശം. 

ആര്യയെ പോലെ ഒരുപാട്പേരെ ഈ നഗരസഭ കണ്ടിട്ടുണ്ട്. ഇതൊക്കെ മഴയത്ത് തളിര്‍ത്തതാണ്, മഴ കഴിയുമ്പോള്‍ അവസാനിച്ചോളുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. മുരളീധരന്റെ പരാമര്‍ശം വിവാദമായതോടെ ഇടതുനേതാക്കളടക്കം പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

Content Highlights: police registered case against k muraleedharan mp after arya rajendran files complaint