കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്‍സണ്‍ മാവുങ്കലിന്റെ സുഹൃത്ത് അനിത പുല്ലയിലിനെതിരേ പോലീസ് കേസെടുത്തു. ബലാത്സംഗക്കേസിലെ ഇരയുടെ പേര് വെളിപ്പെടുത്തിയതിനാണ് അനിതക്കെതിരേ കേസെടുത്തത്. മോന്‍സനെതിരേ ബലാത്സംഗ പരാതി നല്‍കിയ യുവതിയുടെ പേരും ചിത്രങ്ങളും അനിത പുറത്തുവിട്ടെന്നാണ് ആരോപണം. യുവതി തന്നെയാണ് അനിതക്കെതിരേ പരാതി നല്‍കിയത്. 

ഐ.പി.സി. 228 എ(1) പ്രകാരമാണ് അനിത പുല്ലയിലിനെതിരേ കേസെടുത്തിരിക്കുന്നത്. രണ്ടുവര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. എന്ത് ഉദ്ദേശ്യത്തോടെയാണ് ഇരയുടെ പേരും ചിത്രങ്ങളും പുറത്തുവിട്ടത്, യുവതിയോട് എന്തെങ്കിലും വൈരാഗ്യമുണ്ടായിരുന്നോ തുടങ്ങിയ കാര്യങ്ങളും അന്വേഷണപരിധിയില്‍ വരുമെന്നാണ് പോലീസ് നല്‍കുന്നവിവരം. 

മോന്‍സണ്‍ മാവുങ്കലിന്റെ തട്ടിപ്പ് പുറത്തറിഞ്ഞതിന് പിന്നാലെയാണ് ഇറ്റലിയില്‍ സ്ഥിരതാമസമാക്കിയ അനിതയുടെ പേരും ഉയര്‍ന്നുവന്നത്. മുന്‍ ഡി.ജി.പി. ലോക്‌നാഥ് ബെഹ്‌റ അടക്കമുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥരെ മോന്‍സന് പരിചയപ്പെടുത്തിയത് അനിത പുല്ലയിലാണെന്നും ആരോപണങ്ങളുണ്ടായിരുന്നു. 

Content Highlights: police registered case against anitha pullayil