തൊടുപുഴ: സിവില്‍ പോലീസ് ഓഫീസറെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്ന കേസില്‍ പ്രതിയെ വിട്ടയച്ചു. കൊല്ലപ്പെട്ടയാളുടെ ഭാര്യാസഹോദരി വെള്ളിയാമറ്റം കരിപ്പലങ്ങാട് പുത്തന്‍പറമ്പില്‍ സരസമ്മയെയാണ്, കുറ്റക്കാരിയല്ലെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് വെറുതേവിട്ടത്. തൊടുപുഴ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എല്‍സമ്മ(56)യാണ് കേസില്‍ വിധി പറഞ്ഞത്.

2015 ജനുവരി 31-നാണ്, കുളമാവ് പോലീസ്സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറായിരുന്ന കരിപ്പലങ്ങാട് പാലോന്നിയില്‍ പി.പി.രാജു (42) കൊല്ലപ്പെട്ടത്. തന്റെ സഹോദരിയെ കൊല്ലാന്‍ ശ്രമിച്ചതിന്റെ വൈരത്തില്‍, സരസമ്മ ഇദ്ദേഹത്തെ തലയ്ക്കടിച്ചുവീഴ്ത്തി കഴുത്തറുത്ത് കൊന്നെന്നായിരുന്നു കേസ്.

രാജുവിന്റെ രക്തഗ്രൂപ്പ് ഒ പോസിറ്റീവായിരുന്നു. ഇതേരക്തം സരസമ്മയുടെ വസ്ത്രത്തില്‍ കണ്ടെത്തി. രാജുവിന്റെ ഭാര്യക്കും ഒ പോസിറ്റീവ് രക്തമായിരുന്നു.

സംഭവം നടന്നദിവസം ഇവരെ രാജു ആക്രമിച്ചെന്നും കൈമുറിഞ്ഞ് രക്തം വന്നെന്നും ആ രക്തം സരസമ്മയുടെ വസ്ത്രത്തില്‍ പറ്റുകയായിരുന്നെന്നും പ്രതിഭാഗം വാദിച്ചു. സരസമ്മയാണ് കൊന്നതെന്ന് സംശയാതീതമായി തെളിയിക്കാന്‍ കഴിയാത്തതിനാല്‍ കോടതി ഇവരെ വിട്ടയയ്ക്കുകയായിരുന്നു.

കൊല്ലപ്പെട്ട രാജുവിന്റെ ഭാര്യ, പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍മക്കള്‍, പ്രതിയുടെ സഹോദരന്‍, ചിറ്റപ്പന്‍, അയല്‍വാസികള്‍ എന്നിവരടക്കം പ്രോസിക്യൂഷന്‍ 25 സാക്ഷികളെ വിസ്തരിച്ചു.

Content Highlights: police officer murder case; accused released by court