കാഞ്ഞങ്ങാട്: പെരിയ ചെക്കിപ്പള്ളത്തെ സുബൈദ(60)യെ കൊലപ്പെടുത്തി സ്വര്‍ണവും പണവും കവര്‍ന്ന കേസിലെ മുഖ്യപ്രതി കര്‍ണാടക അസീസി(33)നായി ബേക്കല്‍ പോലീസിന്റെ ലുക്കൗട്ട് നോട്ടീസ്.

ഇയാളെ കണ്ടെത്തുന്നയാള്‍ക്ക് രണ്ടുലക്ഷം രൂപയുടെ പാരിതോഷികമാണ് പ്രഖ്യാപിച്ചത്. അസീസിന്റെ വിവിധങ്ങളായ നാലു ഫോട്ടോ സഹിതമാണ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയത്. കര്‍ണാടക കോടതിയില്‍ ഹാജരാക്കി മടങ്ങവെ സുള്ള്യയില്‍വച്ച് പോലീസിനെ കബളിപ്പിച്ചാണ് ഇയാള്‍ രക്ഷപ്പെട്ടത്. 2018 സെപ്റ്റംബര്‍ 14-നായിരുന്നു സംഭവം.

സുബൈദ വധം ഉള്‍പ്പെടെ കേരളത്തിലും കര്‍ണാടകയിലുമായി നിരവധി കേസിലെ പ്രതിയാണ് അസീസ്.

മറ്റൊരു കേസില്‍ സുള്ള്യ കോടതിയില്‍ ഹാജരാക്കി മടങ്ങുമ്പോഴാണ് ഇയാള്‍ രക്ഷപ്പെട്ടത്. ഉച്ചഭക്ഷണം കഴിച്ച് കാസര്‍കോട് ബസ്സില്‍ കയറിയിരുന്നതാണ്. ഒപ്പമുണ്ടായിരുന്ന എ.ആര്‍.പോലീസുകാരോട് മൂത്രമൊഴിക്കണമെന്ന് അസീസ് പറഞ്ഞു.

ബസില്‍നിന്നിറങ്ങി തൊട്ടടുത്ത മതിലിനടുത്തേക്ക് പോയി. മൂത്രമൊഴിക്കുന്നതായി നടിച്ച് പെട്ടെന്ന് മതില്‍ ചാടിക്കടന്ന് ഓടിരക്ഷപ്പെട്ടു. രണ്ട് പോലീസുകാരും മതില്‍ ചാടിക്കടന്ന് തിരഞ്ഞെങ്കിലും ഇയാളെ കണ്ടെത്താന്‍ കഴിഞ്ഞില്ല.

സുള്ള്യ അജ്ജാവര ഗ്രാമത്തിലാണ് അസീസിന്റെ വീട്. അതുകൊണ്ടു തന്നെ പ്രദേശം നന്നായി അറിയുന്ന ഇയാള്‍ മിനുട്ടുകള്‍ക്കുള്ളില്‍ മതിലിനപ്പുറത്തെ വളപ്പില്‍നിന്ന് ഓടിമറയുകയായിരുന്നു. എ.ആര്‍. പോലീസുകാര്‍ ഉടന്‍ സുള്ള്യ പോലീസ് സ്റ്റേഷനിലെത്തി വിവരം നല്‍കുകയും സുള്ള്യ പോലീസ് തിരച്ചില്‍ നടത്തുകയും ചെയ്തു. എന്നാല്‍ ഫലവുമുണ്ടായില്ല. പിന്നീട് കേരള പോലീസ് പലയിടത്തായി തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല.

2018 ജനവരി 17-നാണ് ചെക്കിപ്പള്ളത്തെ വീട്ടില്‍ തനിച്ചു താമസിക്കുന്ന പ്രദേശത്തെ കുടുംബശ്രീ പ്രസിഡന്റ് കൂടിയായ സുബൈദ കൊല്ലപ്പെട്ടത്. കാസര്‍കോട് പട്ളയിലെ കെ.എം.അബ്ദുള്‍ഖാദര്‍ (26), പട്ള കുതിരപ്പാടിയിലെ പി.അബ്ദുള്‍ അസീസ് എന്ന ബാവ അസീസ് (23), കാസര്‍കോട് മാന്യയില്‍ താമസക്കാരനായ ഹര്‍ഷാദ് (30) എന്നിവരും ഈ കേസില്‍ അറസ്റ്റിലായിരുന്നു. സംഭവം നടന്ന് ഒരുമാസത്തിനകംതന്നെ നാലുപേരും ജയിലിലായിരുന്നു. സഹോദരീഭര്‍ത്താവിന്റെ ജ്യേഷ്ഠത്തിയെ കൊലപ്പെടുത്തി പുഴയില്‍ തള്ളിയ കേസിലും പ്രതിയാണ് രക്ഷപ്പെട്ട അസീസ്.

Content Highlights: police issued lookout notice for karnataka asees