ആലപ്പുഴ: പരീക്ഷ പാസാകാതെ അഭിഭാഷകയായി പ്രവർത്തിച്ച സെസി സേവ്യർക്കുവേണ്ടി വക്കാലത്തെടുക്കുന്നതിന് ആലപ്പുഴ ബാർ അസോസിയേഷനിലെ അഭിഭാഷകർക്കു വിലക്ക്. സെസി സേവ്യർ വിഷയം വിവാദമായതിനെത്തുടർന്ന് വിളിച്ചുചേർത്ത പൊതുയോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്.

ബാർ അസോസിയേഷനാണു സെസി സേവ്യർക്കെതിരേ പോലീസിൽ പരാതി നൽകിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ അസോസിയേഷൻ അംഗങ്ങൾത്തന്നെ പ്രതിക്കുവേണ്ടി ഹാജരാകുന്നതു ശരിയല്ലെന്നു യോഗം ചൂണ്ടിക്കാട്ടി. ഇത് സംഘടനയുടെ അച്ചടക്കം ലംഘിക്കൽ കൂടിയാണ്.അങ്ങനെ ആരെങ്കിലും ഹാജരായാൽ സംഘടനാപരമായ നടപടി സ്വീകരിക്കേണ്ടിവരുമെന്നു നേതൃത്വം അംഗങ്ങളെ ഓർമിപ്പിച്ചു. കഴിഞ്ഞദിവസം കോടതിയിൽ കീഴടങ്ങാൻ സെസി എത്തിയപ്പോൾ ആലപ്പുഴയിലെ രണ്ട് അഭിഭാഷകരുടെ സഹായം ലഭിച്ചിരുന്നു. എന്നാൽ, ഇവർ അവരുടെ വക്കാലത്തെടുത്തിരുന്നില്ല.

സെസി സേവ്യറെ നേരത്തേതന്നെ അറസ്റ്റുചെയ്യാൻ സാഹചര്യമുണ്ടായിട്ടും നേതൃത്വം അതിനൊത്ത് ഉയർന്നുപ്രവർത്തിക്കാത്തതിനെ അംഗങ്ങൾ വിമർശിച്ചു. നാലുമാസം മുൻപേ നേതൃത്വത്തിലുള്ളവർക്ക് സെസിയെക്കുറിച്ചുള്ള പരാതികൾ ലഭിച്ചതാണ്. സെസി സേവ്യർ വ്യാഴാഴ്ച കോടതിയിലെത്തിയതിനുശേഷം രക്ഷപ്പെട്ടത് നാണക്കേടായതായും ഒരുവിഭാഗം പറഞ്ഞു.

വിവാദങ്ങളുടെ പശ്ചാത്തലത്തിൽ മാധ്യമങ്ങൾക്കു നേരിട്ടു വിവരംനൽകുന്നതിനു യോഗം വിലക്കേർപ്പെടുത്തി. തീരുമാനങ്ങൾ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ച് മാധ്യമങ്ങളെ അറിയിച്ചാൽമതിയെന്നാണു വിവരം. സെസി സേവ്യറെ എത്രയുംപെട്ടെന്ന് അറസ്റ്റുചെയ്യുന്നതിന് പോലീസിൽ സമ്മർദം ചെലുത്താനും യോഗം തീരുമാനിച്ചിട്ടുണ്ട്.

സെസി ചേർത്തലയിൽ? പോലീസ് ചെല്ലുംമുൻപ് മുങ്ങി

ആലപ്പുഴ: പരീക്ഷ ജയിക്കാതെ വ്യാജ അഭിഭാഷകയായി പ്രവർത്തിച്ചുവെന്ന കേസിലെ പ്രതി സെസി സേവ്യർ(27) ചേർത്തലയിലുണ്ടെന്നറിഞ്ഞ് പോലീസെത്തിയെങ്കിലും കണ്ടെത്താനായില്ല. കടയിൽ ചായ കുടിച്ചിരിക്കുന്നതുകണ്ടതായുള്ള വിവരം ലഭിച്ചതിനെത്തുടർന്ന് പെട്ടെന്ന് ആലപ്പുഴ നോർത്ത് പോലിസ് സംഘം എത്തുകയായിരുന്നു. താമസിയാതെ സെസി വലയിലാകുമെന്ന് നോർത്ത് സി.ഐ. പറഞ്ഞു. ആലപ്പുഴ കോടതിയിൽ ഇവർ ഹാജരാകാനുള്ള സാധ്യതകുറവാണെന്നാണു വിലയിരുത്തുന്നത്. രാമങ്കരി സ്വദേശിയായ ഇവർ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യത്തിനു ശ്രമിക്കുന്നതായി സൂചനയുണ്ട്.

തർക്കമുന്നയിച്ചാൽ സെസി 'വക്കീൽ' കമ്മീഷനായ കേസുകൾ വീണ്ടും കേൾക്കേണ്ടിവരും

കൊച്ചി: കക്ഷികൾ തർക്കമുന്നയിച്ചാൽ ആലപ്പുഴയിലെ 'വ്യാജ വക്കീൽ' സെസി സേവ്യർ അഭിഭാഷക കമ്മിഷനായി പോയ കേസുകൾ കോടതികൾക്ക് വീണ്ടും പരിഗണിക്കേണ്ടിവരുമെന്ന് നിയമവിദഗ്ധർ. കേസുകളിൽ വസ്തുത പരിശോധനയ്ക്കായി കോടതി നിയമിക്കുന്നതാണ് കമ്മിഷനെ. 25-ഓളം കേസുകളിൽ കമ്മിഷനായിരുന്നു സെസി.

യോഗ്യതയില്ലാത്തവർ അഭിഭാഷകരായി പ്രാക്ടീസ്ചെയ്ത സംഭവം മുമ്പ് തൃശ്ശൂരിലുണ്ടായിട്ടുണ്ട്. ജാർഖണ്ഡിൽ ഒരു മജിസ്ട്രേറ്റ് വിധിന്യായമെഴുതാനുള്ള ചുമതല പുറത്തുള്ളവരെ എൽപ്പിച്ചതുപോലുള്ള സംഭവവുമുണ്ടായിട്ടുണ്ട്. ഇത് കണ്ടെത്തി മജിസ്ട്രേറ്റിനെ പിരിച്ചുവിട്ടെങ്കിലും ഉത്തരവുകൾ റദ്ദാക്കിയിരുന്നില്ല. എന്നാൽ, യോഗ്യതയില്ലാത്ത സെസി കമ്മിഷനായി പോയ കേസുകളുടെ കാര്യത്തിൽ സ്ഥിതി വ്യത്യസ്തമാണ്.

പ്രാക്ടീസിങ് അഭിഭാഷകർക്ക് സർട്ടിഫിക്കറ്റ്

വ്യാജ അഭിഭാഷകർ പ്രാക്ടീസ് ചെയ്യുന്നതു തടയാൻ കേരള ബാർ കൗൺസിൽ, സംസ്ഥാനത്ത് പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകർക്ക് സർട്ടിഫിക്കറ്റ് നൽകാൻ തീരുമാനിച്ചു. 25,000-ത്തോളം അഭിഭാഷകർ സജീവമായി പ്രാക്ടീസ് ചെയ്യുന്നുണ്ടെന്നാണ് കണക്ക്. ഇവരുടെയെല്ലാം ബിരുദ സർട്ടിഫിക്കറ്റുകൾ പരിശോധിച്ച് സർട്ടിഫിക്കറ്റ് നൽകാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് പ്രസിഡന്റ് ജോസഫ് ജോൺ പറഞ്ഞു.

പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകരുടെ ലിസ്റ്റും റോൾ നമ്പറും കോടതികളിലും നൽകും. സർട്ടിഫിക്കറ്റ് നൽകാനുള്ള തീരുമാനം ബാർ കൗൺസിൽ 2015-ൽ തുടങ്ങിയിരുന്നു. പക്ഷേ, പൂർത്തിയാക്കാനായില്ല.