കോവളം: അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച 14-കാരി മരിച്ച സംഭവത്തില്‍ പോലീസ് അന്വേഷണമാരംഭിച്ചു. മുട്ടയ്ക്കാട് ചിറയില്‍ ചരുവിള പുത്തന്‍ വീട്ടില്‍ ആനന്ദന്‍ ചെട്ട്യാര്‍-ഗീത ദമ്പതിമാരുടെ വളര്‍ത്തുമകളായ ഗീതുവാണ് മരിച്ചത്. കഴിഞ്ഞ 14-ന് വ്യാഴാഴ്ച വൈകീട്ടാണ് ഗീതു മരിച്ചത്.
വീടിനുള്ളില്‍ അവശനിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെയാണ് രക്ഷിതാക്കള്‍ കുട്ടിയെ വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ചത്. വൈകീട്ട് 3.30-ഓടെയാണ് ആശുപത്രിയിലെത്തിക്കുന്നത്. ചികിത്സയിലിരിക്കെ 6.30-ഓടെ കുട്ടി മരിച്ചു. ഇതേ തുടര്‍ന്ന് മൃതദേഹം മെഡിക്കല്‍ കോളേജിലെ മോര്‍ച്ചറിയിലേക്കു മാറ്റി. തുടര്‍ന്ന് നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ കുട്ടിയുടെ തലയില്‍ സാരമായ മുറിവേറ്റിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
വീഴ്ചയിലാണോ മറ്റേതെങ്കിലും സാഹചര്യത്തിലാണോ തലയില്‍ മുറിവുണ്ടായതെന്ന് പരിശോധിക്കണമെന്ന് പോലീസ് അറിയിച്ചു. അസ്വാഭാവിക മരണത്തിനാണ് കോവളം പോലീസ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ രക്ഷിതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തു വിട്ടയച്ചിരുന്നു.
Content Highlights: police investigation on girls death in kovalam