മുംബൈ: നീലച്ചിത്ര നിര്‍മാണവുമായി ബന്ധപ്പെട്ട കേസില്‍ നടി ശില്‍പ ഷെട്ടിയെ പോലീസ് ചോദ്യം ചെയ്തത് ആറു മണിക്കൂറിലേറെ. കഴിഞ്ഞ ദിവസമാണ് മുംബൈ പോലീസിന്റെ ക്രൈംബ്രാഞ്ച് സംഘം ശില്‍പ ഷെട്ടിയില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ചത്. എന്നാല്‍ ഭര്‍ത്താവ് രാജ് കുന്ദ്രയുടെ നീലച്ചിത്ര നിര്‍മാണത്തില്‍ തനിക്ക് പങ്കില്ലെന്നായിരുന്നു നടിയുടെ മറുപടി. 

രാജ് കുന്ദ്രയുടെ 'ഹോട്ട്‌ഷോട്ട്‌സ്' ആപ്പിലോ നീലച്ചിത്ര നിര്‍മാണത്തിലോ താന്‍ ഇടപെട്ടിട്ടില്ലെന്നാണ് ശില്‍പ ഷെട്ടി പോലീസിനോട് പറഞ്ഞിരിക്കുന്നത്. ഈ ആപ്പുകളില്‍നിന്ന് തനിക്ക് ആദായമൊന്നും ലഭിച്ചിട്ടില്ല. ഹോട്ട്‌ഷോട്ട്‌സ് ആപ്പിലെ യഥാര്‍ഥ ഉള്ളടക്കത്തെക്കുറിച്ച് തനിക്ക് അറിവുണ്ടായിരുന്നില്ല. മറ്റ് ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകളിലെയും വെബ് സീരിസുകളിലെയും ഉള്ളടക്കങ്ങള്‍ കൂടുതല്‍ അശ്ലീലസ്വഭാവമുള്ളതാണെന്നും ശില്‍പ ഷെട്ടി പോലീസിനോട് പറഞ്ഞു. 

പോലീസിന് മുന്നില്‍ രാജ് കുന്ദ്രയെ നടി ന്യായീകരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. കുന്ദ്ര നേരത്തെ പോലീസിനോട് പറഞ്ഞത് തന്നെയാണ് ശില്‍പയും ആവര്‍ത്തിച്ചത്. തന്റെ ഭര്‍ത്താവ് ചെയ്തത് നീലച്ചിത്ര നിര്‍മാണമല്ലെന്നും വെറും ഇറോട്ടിക്ക(കാമകല)യാണെന്നുമായിരുന്നു ശില്‍പയുടെ അവകാശവാദം. ഇവ തമ്മിലുള്ള വ്യത്യാസം അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ വിശദീകരിക്കുകയും ചെയ്തു. 

അതിനിടെ, നീലച്ചിത്ര നിര്‍മാണവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ രാജ്കുന്ദ്രയുടെ കസ്റ്റഡി കാലാവധി കഴിഞ്ഞ ദിവസം നീട്ടിനല്‍കിയിരുന്നു. കുന്ദ്രയെ കൂടുതല്‍ ചോദ്യംചെയ്യണമെന്ന പോലീസിന്റെ വാദം അംഗീകരിച്ചാണ് ജൂലായ് 27 വരെ കസ്റ്റഡി നീട്ടിയത്. നീലച്ചിത്ര നിര്‍മാണത്തില്‍നിന്നുള്ള വരുമാനം കുന്ദ്ര ഓണ്‍ലൈന്‍ ചൂതാട്ടത്തിന് ഉപയോഗിച്ചിരുന്നതായും പോലീസ് പറഞ്ഞിരുന്നു. 

Content Highlights: police interrogated actress shilpa shetty over six hours