ചാത്തന്നൂർ : ശൗചാലയത്തിൽ പോകാനെത്തിയ ഓട്ടോക്കാരന് സത്യവാങ്മൂലം കരുതാത്തതിന് 2,000 രൂപ പിഴയിട്ട് പാരിപ്പള്ളി പോലീസ്. കഴിഞ്ഞ ഞായറാഴ്ച രാവിലെ ഏഴരയോടെ പാരിപ്പള്ളി മുക്കട നീരോന്തിയിൽ കശുവണ്ടി ഫാക്ടറിക്ക് സമീപമായിരുന്നു സംഭവം. എഴിപ്പുറം സ്വദേശി ഷാജിക്കാണ് വൻ തുക പിഴ നൽകേണ്ടിവന്നത്.

പാരിപ്പള്ളി ജങ്ഷനിലെ ഓട്ടോ ഡ്രൈവറായ ഷാജി താമസസ്ഥലത്ത് കക്കൂസില്ലാത്തതിനാൽ പാരിപ്പള്ളി മാർക്കറ്റിനോടു ചേർന്ന കംഫർട്ട് സ്റ്റേഷനാണ് ഉപയോഗിച്ചിരുന്നത്. ലോക് ഡൗണിൽ ഇത് പൂട്ടിയതോടെ മുക്കടയിലെ പെട്രോൾ പമ്പിനോടു ചേർന്ന ശൗചാലയമായിരുന്നു ആശ്രയം.

രാവിലെ എഴിപ്പുറത്തുനിന്ന് മുക്കടയിലേക്ക് ഓട്ടോയിൽ വരുമ്പോഴായിരുന്നു പാരിപ്പള്ളി പോലീസ് തടഞ്ഞുനിർത്തി സത്യവാങ്മൂലം ആവശ്യപ്പെട്ടത്. യാത്രയുടെ ഉദ്ദേശ്യം പറഞ്ഞെങ്കിലും സത്യവാങ്മൂലം കരുതിയില്ലെന്ന കാരണത്താൽ വാഹനം പിടിച്ചെടുത്ത് സ്റ്റേഷനിലേക്ക് മാറ്റി. മേലുദ്യോഗസ്ഥരും ജനപ്രതിനിധികളുമടക്കം ആവശ്യപ്പെട്ടിട്ടും മൂന്നുദിവസത്തോളം ഓട്ടോ വിട്ടുകൊടുക്കാൻ എസ്.ഐ. തയ്യാറായില്ല. ഒടുവിൽ ബുധനാഴ്ച രണ്ടായിരം രൂപ പിഴ ഒടുക്കിയശേഷമാണ് വാഹനം വിട്ടുകൊടുത്തത്.