ഹരിപ്പാട്: കാമുകനുമായി ഒളിച്ചോടിയ ഭർതൃമതിയെ രണ്ടു വർഷത്തിനുശേഷം ബെംഗളൂരുവിൽ നിന്ന് പോലീസ് കണ്ടെത്തി. കാമുകൻ ആധാറിലെ ചിത്രം പുതുക്കിയതാണ് കേസിനു തുമ്പായത്. ആധാറുമായി ബന്ധപ്പെട്ടു നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും പോലീസ് പിടികൂടിയത്.

യുവതിയെ കാണാനില്ലെന്നപരാതി പോലീസ് അന്വേഷിച്ചു വരികയായിരുന്നു. അടുത്തിടെ പോലീസ് യുവാവിന്റെ വീട്ടിൽ പരിശോധന നടത്തിയപ്പോൾ തപാലിലെത്തിയ രണ്ട് ആധാർ കാർഡുകൾ കിട്ടിയിരുന്നു.

സ്ഥലംവിട്ട ശേഷം രണ്ടു തവണ യുവാവ് ആധാറിലെ ഫോട്ടോ പുതുക്കിയിരുന്നു. ഈ സമയത്ത് ആധാറിന്റെ പ്രിന്റ് തപാലിൽ വീട്ടിലെത്തി. വീട്ടുകാർ ഇതു സൂക്ഷിച്ചിരിക്കുകയായിരുന്നെങ്കിലും മകൻ എവിടെയാണെന്ന് അറിയില്ലായിരുന്നെന്ന് പോലീസ് പറഞ്ഞു.

മൂന്നു ദിവസം മുൻപാണ് പോലീസ് സംഘം ബെംഗളൂരിവിലേക്കു പോയത്. ആധാർ പുതുക്കിയപ്പോൾ നൽകിയ ഫോൺ നമ്പർ കേന്ദ്രീകരിച്ചാണ് ബെംഗളൂരുവിൽ അന്വേഷണം നടത്തിയത്.

യുവാവ് അവിടെ ഒരു വാഹനഷോറൂമിലും യുവതി ഒരു ഫിറ്റ്നസ് സെന്ററിലും ജോലി ചെയ്യുകയായിരുന്നു. കരീലക്കുളങ്ങര സി.ഐ. എസ്.ആർ. അജിത് കുമാറിന്റെ നിർദേശാനുസരണം എസ്.ഐ. വിനോജ് ആന്റണി, എസ്.ആർ. ഗിരീഷ്, ഡി. അജിത്ത് കുമാർ, ദിവ്യ എന്നിവരടങ്ങുന്ന സംഘമാണ് ബെംഗളൂരുവിൽ അന്വേഷണം നടത്തിയത്.

Content Highlights:police found woman who eloped before two years from alappuzha