പന്തീരാങ്കാവ്: ദേശീയപാത ബൈപ്പാസില്‍ യുവാവിന്റെ മരണത്തിനുകാരണമായ അപകടത്തെത്തുടര്‍ന്ന് നിര്‍ത്താതെപോയ കാര്‍ പൊതുജനങ്ങളുടെ സഹായത്തോടെ പോലീസ് കണ്ടെത്തി. കോട്ടയം പാലാ മേവട എന്ന സ്ഥലത്തുനിന്നാണ് കെഎല്‍ 24 ടി 3285 ടാക്‌സി വാഹനം കണ്ടെത്തിയത്. തൊണ്ടയാട്-രാമനാട്ടുകര ബൈപ്പാസില്‍ കൊടല്‍ നടക്കാവ് മറീന മോട്ടോഴ്‌സിനുസമീപം ഫെബ്രുവരി 24-ന് രാത്രി ഏഴരമണിക്കാണ് അപകടമുണ്ടായത്. ബൈക്ക് യാത്രക്കാരനെ തട്ടിയിട്ട കാര്‍ നിര്‍ത്താതെപോവുകയായിരുന്നു. അപകടത്തില്‍ ബൈക്ക് യാത്രികനായ കുറ്റിക്കാട്ടൂര്‍ പേരിയ സ്വദേശി മുഹമ്മദ് ആദില്‍ (18) ആണ് മരിച്ചത്.

വാഹനം കണ്ടെത്തുന്നതിനായി പന്തീരാങ്കാവ് പോലീസ് അപകടസ്ഥലത്ത് നിന്ന് ലഭിച്ച കാറിന്റെ ഭാഗങ്ങളുടെ ചിത്രം സഹിതം മാധ്യമങ്ങളിലൂടെയും സാമൂഹികമാധ്യമങ്ങളിലൂടെയും പൊതുജനസഹായം തേടിയിരുന്നു. വാഹനം കണ്ടെത്താന്‍ സഹായം അഭ്യര്‍ഥിച്ചുള്ള പോലീസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് വൈറലായിരുന്നു. ഇതിനെത്തുടര്‍ന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കേടുപാടുകള്‍ തീര്‍ത്തനിലയില്‍ വാഹനം കണ്ടെത്തിയത്. 

വാഹനം റിപ്പയര്‍ചെയ്ത വര്‍ക്ക്‌ഷോപ്പിലെത്തിയ പോലീസ്, അപകടത്തില്‍ തകര്‍ന്ന ബംപറും വര്‍ക്ക്‌ േഷാപ്പിനകത്തുനിന്നുള്ള ചിത്രങ്ങളും ശേഖരിച്ചു. അപകടസ്ഥലത്തുനിന്ന് ലഭിച്ച ബംപറിന്റെ ഭാഗങ്ങളുമായി ഒത്തു നോക്കിയാണ് വാഹനം തിരിച്ചറിഞ്ഞത്. പന്തീരാങ്കാവ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ബൈജു കെ. ജോസ്, എസ്.ഐ. കെ.എസ്.ജിതേഷ്, എ.എസ്.ഐ. ഉണ്ണി, സി.പി.ഒ.മുഹമ്മദ്, ദിവാകരന്‍, രൂപേഷ്, ജിതിന്‍ എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്. കാര്‍ഡ്രൈവറെ ഉടന്‍ അറസ്റ്റുചെയ്യുമെന്നും തെളിവ് നശിപ്പിക്കല്‍ അടക്കമുള്ള കുറ്റങ്ങള്‍ ചേര്‍ത്ത് കേസെടുക്കുമെന്നും പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.