മലപ്പുറം: മാസ്ക് മൂക്കിന് താഴെയിറങ്ങിയെന്ന് പറഞ്ഞ് പോലീസ് ഈടാക്കിയത് 200 രൂപ പിഴ. ഒടുവിൽ പണം കടം വാങ്ങി നൽകി പിഴ അടച്ചെങ്കിലും ബാക്കി തുക തിരികെ ചോദിച്ചപ്പോൾ പോലീസ് ഉദ്യോഗസ്ഥന്റെ തെറിവിളിയും ഭീഷണിയും. എസ്.ഡി.പി.ഐ. മലപ്പുറം ജില്ലാ സെക്രട്ടറി മുസ്തഫ പാമങ്ങാടനാണ് പരപ്പനങ്ങാടി പോലീസിനെതിരേ ഗുരുതരമായ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.

പരപ്പനങ്ങാടി സി.ഐ. ഹണി കെ. ദാസ് നടുറോഡിൽ അപമര്യാദയായി പെരുമാറിയെന്നും മോശം വാക്കുകൾ പ്രയോഗിച്ചെന്നുമാണ് ഇദ്ദേഹത്തിന്റെ പരാതി. ഒക്ടോബർ അഞ്ചാം തീയതി പരപ്പനങ്ങാടി കരിങ്കല്ലത്താണിയിൽവെച്ചായിരുന്നു സംഭവം.

എസ്.ഡി.പി.ഐ. ബ്രാഞ്ച് കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിനായാണ് മുസ്തഫ പാമങ്ങാടൻ കരിങ്കല്ലത്താണിയിൽ എത്തിയത്. ഇതിനിടെ, റോഡരികിൽനിന്ന് ഫോൺ ചെയ്യുന്നതിനിടെ പോലീസ് ജീപ്പിൽ സി.ഐ.യും എത്തി. ഫോണിൽ സംസാരിക്കുന്നത് വ്യക്തമാകുന്നതിന് വേണ്ടിയും സമീപം മറ്റാരുമില്ലാത്തതിനാലും മാസ്ക് അല്പം താഴ്ത്തിവെച്ചിരുന്നു. ഇത് കണ്ട് സി.ഐ. പോലീസ് ജീപ്പിനടുത്തേക്ക് വിളിച്ചുവരുത്തി. മാസ്ക് ധരിക്കാത്തതിന് 200 രൂപ പിഴ അടക്കാൻ ആവശ്യപ്പെട്ടു.

ഒറ്റയ്ക്ക് നിന്നതിനാലാണ് മാസ്ക് താഴ്ത്തിവെച്ചതെന്ന് പറഞ്ഞിട്ടും പോലീസ് അംഗീകരിച്ചില്ല. കൈയിൽ കാശില്ലെന്നും സ്റ്റേഷനിൽ വന്ന് അടയ്ക്കാമെന്ന് പറഞ്ഞിട്ടും അനുവദിച്ചില്ല. പിഴ അടച്ചില്ലെങ്കിൽ പോലീസ് ജീപ്പിൽ കയറ്റി കൊണ്ടുപോകുമെന്നും ആരുടെയെങ്കിലും കൈയിൽനിന്ന് പണം വാങ്ങി പിഴ അടക്കണമെന്നുമായിരുന്നു സി.ഐ.യുടെ ആവശ്യം. ഇതനുസരിച്ച് സുഹൃത്തിന്റെ കൈയിൽനിന്ന് 500 രൂപ വാങ്ങി സി.ഐയ്ക്ക് നൽകി. മാസ്ക് ധരിക്കാത്തതിന് 200 രൂപയുടെ രസീതും എഴുതിത്തന്നു. എന്നാൽ ബാക്കി 300 രൂപ തിരികെ ചോദിച്ചതോടെ സി.ഐ. വീണ്ടും മോശമായി പെരുമാറിയെന്നാണ് മുസ്തഫയുടെ ആരോപണം.

ബാക്കി തുക സ്റ്റേഷനിൽവന്ന് വാങ്ങാനായിരുന്നു സി.ഐ.യുടെ നിർദേശം. അങ്ങനെയാണെങ്കിൽ രസീതിന് പുറത്ത് ബാക്കി 300 രൂപ നൽകാനുണ്ടെന്ന് എഴുതി തരണമെന്ന് സി.ഐ.യോട് ആവശ്യപ്പെട്ടു. ഇതോടെ സി.ഐ. മോശം പദപ്രയോഗം നടത്തുകയും പരസ്യമായി തന്നെ അപമാനിച്ചെന്നും മുസ്തഫ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.

നേരത്തെ ജോലിചെയ്ത സ്റ്റേഷനുകളിലടക്കം സി.ഐ. ഹണി കെ. ദാസിനെതിരേ സമാന പരാതികളുണ്ടായിട്ടുണ്ടെന്നും പരപ്പനങ്ങാടിയിലും പോലീസ് ഉദ്യോഗസ്ഥനെതിരേ നിരവധി ആക്ഷേപങ്ങളുണ്ടെന്നും മുസ്തഫ പറയുന്നു. എന്തായാലും സംഭവത്തിൽ സി.ഐ.ക്കെതിരേ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രി, ഡി.ജി.പി. മലപ്പുറം എസ്.പി. തിരൂർ ഡി.വൈ.എസ്.പി. എന്നിവർക്ക് പരാതി നൽകിയിരിക്കുകയാണ് മുസ്തഫ. ഉദ്യോഗസ്ഥനെതിരേ നടപടി സ്വീകരിച്ചില്ലെങ്കിൽ മറ്റ് നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, മുസ്തഫ പാമങ്ങാടന്റെ പരാതിയും ആരോപണങ്ങളും വാസ്തവ വിരുദ്ധമാണെന്ന് പരപ്പനങ്ങാടി സി.ഐ. ഹണി കെ. ദാസ് മാതൃഭൂമി ഡോട്ട് കോമിനോട് പ്രതികരിച്ചു. മാസ്ക് ധരിക്കാത്തതിന് ഇയാളിൽനിന്ന് പിഴ ഈടാക്കിയിട്ടുണ്ടെന്നും പിഴ അടക്കാൻ ആവശ്യപ്പെട്ടപ്പോൾ പോലീസിനോട് തട്ടിക്കയറുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. താനോ മറ്റ് ഉദ്യോഗസ്ഥരോ മോശമായി പെരുമാറിയെന്ന ആരോപണം തെറ്റാണെന്നും സി.ഐ. കൂട്ടിച്ചേർത്തു.

Content Highlights:police fined 200 rs for not wearing mask and allegations against parappanangadi police